News - 2025
ഏപ്രിൽ 28: ശ്രീലങ്കന്‍ ജനതക്ക് വേണ്ടിയുള്ള ദേശീയ പ്രാര്‍ത്ഥനാദിനം
സ്വന്തം ലേഖകന്‍ 25-04-2019 - Thursday
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ ഞെട്ടലില്‍ കഴിയുന്ന ശ്രീലങ്കന്‍ ജനതക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ. ഏപ്രിൽ 28 ഞായറാഴ്ച പ്രാർത്ഥന ദിവസമായി ആചരിക്കണമെന്നാണ് ലത്തീന്‍ ദേശീയ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. ശ്രീലങ്കൻ ജനതയുടെ വേദനയില്‍ പങ്കുചേരുന്നതായും തളര്‍ന്ന് പോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും സിസിബിഐ പ്രസിഡന്‍റും ഗോവ ആർച്ച് ബിഷപ്പുമായ ഡോ. ഫിലിപ് നേരി ഫെറാവോ പ്രസ്താവിച്ചു.
ദൈവകരുണയുടെ ഞായറായി ആചരിക്കുന്ന ഏപ്രിൽ 28നു ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് വിടവാങ്ങിയവര്‍ക്ക് വേണ്ടിയും മുറിവേറ്റവർക്കുവേണ്ടിയും ആക്രമണത്തിൽ തകർന്നുപോയ കുടുംബങ്ങളുടെ പുതുജീവിതത്തിന് വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മെഴുകുതിരികൾ കത്തിച്ചുകൊണ്ടും പ്രദിക്ഷിണം നടത്തിയും പ്രാർത്ഥനാറാലികള്‍ സംഘടിപ്പിച്ചും ശ്രീലങ്കന്‍ സമൂഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഡോ. ഫിലിപ് നേരി വിശ്വാസികളെ ക്ഷണിച്ചു.