News - 2025
വിശ്വാസികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു: കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്
സ്വന്തം ലേഖകന്‍ 24-04-2019 - Wednesday
കൊളംബോ: വിശ്വാസികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സർക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്പര ഒഴിവാക്കാമായിരുന്നുവെന്നും ശ്രീലങ്കൻ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. സർക്കാരിന് ഈ ആക്രമണം മുൻകൂട്ടി കണ്ട് സുരക്ഷ ഒരുക്കമായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നും കർദ്ദിനാൾ പറഞ്ഞു. എന്തുകൊണ്ടാണ് ക്രൈസ്തവ കുരുതി ഒഴിവാക്കാൻ സാധിക്കാതിരുന്നതെന്ന്‍ അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. നെഗോംബോ നഗരത്തിലെത്തി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയതിന് ശേഷമാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ശ്രീലങ്കയിലെ പോലീസ് തലവൻ പുജിത്ത് ജയസുന്ദര ആക്രമണം നടത്താൻ സാധ്യത ഉള്ള സംഘടനയെ പറ്റി 10 ദിവസം മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ സുരക്ഷാ വിഭാഗങ്ങൾ എന്തെങ്കിലും മുൻകരുതൽ സ്വീകരിച്ചോ എന്നുള്ള കാര്യം അവ്യക്തമാണ്. തങ്ങൾക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അടക്കമുള്ള ഉയർന്ന നേതാക്കൾ പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിൽ പങ്ക് അവകാശപ്പെട്ടുവെങ്കിലും, അതിനു സ്ഥിരീകരണമായിട്ടില്ല.
രണ്ട് ഇസ്ലാമിക സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല്പതോളം ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർഷങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തി ആയതിനുശേഷം ശ്രീലങ്കയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഈസ്റ്റർ ദിവസം നടന്നത്. മൂന്നു ദേവാലയങ്ങളിലാണ് ഇസ്ലാമിക തീവ്രവാദികൾ സ്ഫോടനം നടത്തിയത്. ഫ്രാൻസിസ് മാർപാപ്പയും, അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും പാകിസ്ഥാനിലെയും അടക്കമുള്ള മെത്രാൻസമിതികളും ശ്രീലങ്കയിലെ ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസ്താവനയിറക്കിയിരിന്നു.