News - 2025
ശ്രീലങ്കയില്‍ പരസ്യ ദിവ്യബലിയര്‍പ്പണം താത്ക്കാലികമായി നിര്‍ത്തി
സ്വന്തം ലേഖകന്‍ 26-04-2019 - Friday
കൊളംബോ: ശ്രീലങ്കയില്‍ ഭീകരാക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പരസ്യ ദിവ്യബലി അര്‍പ്പണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ രാജ്യത്തെ കത്തോലിക്കാസഭയുടെ തീരുമാനം. സുരക്ഷാ സാഹചര്യം മെച്ചപ്പെടും വരെ പള്ളികളില്‍ പരസ്യ ദിവ്യബലി ഉണ്ടാവില്ലെന്നു കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ രഞ്ജിത് മാല്‍ക്കത്തെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച ഈസ്റ്റര്‍ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ രണ്ടെണ്ണം കത്തോലിക്കാ ദേവാലയങ്ങളിലായിരുന്നു.
കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും നെഗോംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലും. ബട്ടിക്കലാവോയിലെ സിയോന്‍ പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്നു ഹോട്ടലുകളിലുമായിരുന്നു മറ്റ് ആക്രമണങ്ങള്‍. ചാവേര്‍ ആക്രമണങ്ങളായിരിന്നു. ഇതിന് ശേഷം നിരവധി സ്ഥലങ്ങളില്‍ നിന്ന്‍ ബോംബ് കണ്ടെത്തിയിരിന്നു. ഇതുകൂടി കണക്കിലെടുത്താണ് പരസ്യ ദിവ്യബലിയര്‍പ്പണം ശ്രീലങ്കന്‍ സഭ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.