News - 2025
ദേവാലയ ആക്രമണത്തിനെതിരെ ന്യൂഡൽഹിയിൽ മനുഷ്യ ചങ്ങല
സ്വന്തം ലേഖകന്‍ 26-04-2019 - Friday
ന്യൂഡൽഹി: ശ്രീലങ്കൻ ചാവേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ന്യൂഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിനു മുൻപിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. ഏപ്രിൽ ഇരുപത്തിമൂന്നിനു നടന്ന മനുഷ്യചങ്ങലയില്‍ പങ്കുചേരാന്‍ ക്രൈസ്തവ ഹൈന്ദവ മുസ്ലിം സിക്ക് മതമേലധ്യക്ഷന്മാരും വിവിധ മതസ്ഥരായ നൂറുകണക്കിന് ആളുകളും എത്തിയിരിന്നു. ചാവേർ സ്‌ഫോടനത്തിൽ മരണമടഞ്ഞവരുടെ ഓർമയ്ക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചും ഗാനങ്ങൾ ആലപിച്ചും മെഴുകുതിരി കത്തിച്ചും മനുഷ്യ ചങ്ങലയിൽ പങ്കെടുത്തവർ പ്രാർത്ഥിച്ചു.
ശ്രീലങ്കൻ സ്ഫോടന പരമ്പര ക്രൈസ്തസമൂഹത്തിനെ മുഴുവൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പരസ്പര സഹകരണത്തോടെ ക്രൈസ്തവപീഡനം ലക്ഷ്യമിടുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഡൽഹി അതിരൂപതയുടെ മതേതര സംഭാഷണ കമ്മീഷൻ സെക്രട്ടറി ഫാ. ഫെലിക്സ് ജോൺസ് പറഞ്ഞു. ദുഃഖാർത്തരായ കുടുംബങ്ങൾക്കുവേണ്ടിയും ആക്രമണത്തിൽ സ്തബ്ധരായ ക്രൈസ്തവ സമൂഹത്തിനു പ്രതീക്ഷയും ധൈര്യവും ലഭിക്കുന്നതിനും പ്രാർത്ഥിക്കുവാൻ ഇസ്ലാമിക് പണ്ഡിതനും രാഷ്ട്രീയ പ്രവർത്തകനുമായ മൗലാന മഹമൂദ് മദനി അഭ്യര്‍ത്ഥിച്ചു. ഇത്രയധികം രക്തസാക്ഷികളെ സൃഷ്‌ടിച്ച മറ്റൊരു സംഭവവും സമീപകാലത്തു നടന്നിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തി.
വിശ്വാസികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ സംഘടിക്കണമെന്നും പരസ്പരം കൈകോർത്തു നില്ക്കുമ്പോൾ മറ്റു ശക്തികൾക്കു വേർതിരിക്കാനാകില്ലായെന്ന് കോളേജ് പ്രൊഫസർ അപ്പൂർവാനന്ദ് ജാ പറഞ്ഞു. തിന്മയെ നന്മ അതിജീവിക്കും എന്ന് പഠിപ്പിക്കുന്ന ബൈബിൾ വിശ്വാസികളെല്ലാം പ്രതിഷേധത്തിൽ അണിനിരക്കണമെന്നു ക്രൈസ്തവ നേതാവ് മിഖായേൽ വില്യംസ് പറഞ്ഞു. പരസ്പര സ്നേഹം വളർത്തിയെടുക്കാൻ ജനങ്ങൾ തങ്ങളുടെ സുരക്ഷിത മേഖലകളിൽ നിന്നും പുറത്തു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മതവിശ്വാസികളുടെ കൂട്ടായ്മ വഴി വിശ്വാസികൾക്കെതിരെയുള്ള ആക്രമണങ്ങൾ ഭാവിയിൽ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ മനുഷ്യ ചങ്ങലയ്ക്കു നേതൃത്വം നൽകിയ ഒവൈസ് സുൽത്താൻ ഖാൻ പങ്കുവെച്ചു. ശ്രീലങ്കയിലെ കൂട്ടക്കൊലയെ അപലപിച്ചും ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും അവർക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി സിക്ക് നേതാവ് ഗുരുവിന്ദേർ സിങ്ങും രംഗത്തെത്തി. ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നിലനിൽക്കുന്ന അസഹിഷ്ണുത അവസാനിപ്പിക്കണമെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എഗൈൻസ്റ് ഹേറ്റ് എന്ന സംഘങ്ങളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്.