News
ശ്രീലങ്കന്‍ ക്രൈസ്തവരെ ചേര്‍ത്തുപിടിച്ച് ഹംഗറി: 31,000 ഡോളറിന്റെ അടിയന്തര ധനസഹായം
സ്വന്തം ലേഖകന്‍ 26-04-2019 - Friday
ബുഡാപെസ്റ്റ്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ കണ്ണീരുമായി കഴിയുന്ന ക്രൈസ്തവ സമൂഹത്തെ ചേര്‍ത്ത് പിടിച്ച് യൂറോപ്യന്‍ രാജ്യമായ ഹംഗറി. ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യൂറോപ്പിന് ശക്തമായ മാതൃക നല്‍കുന്ന ഹംഗറിയുടെ വിദേശകാര്യ മന്ത്രാലയം 90 ലക്ഷം ഫോറന്റ്സിന്റെ (മുപ്പത്തിയൊന്നായിരം) അടിയന്തര ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ സഹായം നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നു മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്ബേജ് അറിയിച്ചു.
ശ്രീലങ്കയിലെ ഭീകര ആക്രമണത്തിനിരയായ ദേവാലയങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും, അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം എന്നും ഹംഗറി ഉണ്ടായിരിക്കുമെന്നും ‘ഹംഗറി ഹെല്‍പ്സ് ഏജന്‍സി’ ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 16-ന് ബുഡാപെസ്റ്റില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് അസ്ബേജ് തന്നെയാണ് ഹംഗറി ഹെല്‍പ്സ് ഏജന്‍സിയുടെ സ്ഥാപനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള സഹായമാണ് സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ കീഴിലുള്ള ഈ പുതിയ ഏജന്‍സിയുടെ പ്രഥമ കര്‍ത്തവ്യം.
ഇതിനോടകം തന്നെ എ.വി.എസ്.ഐ ഫൗണ്ടേഷനുമായി ചേര്‍ന്ന്‍ ജെമെലി ഫൗണ്ടേഷന്റേയും, പൊന്തിഫിക്കല്‍ ചാരിറ്റി വിഭാഗമായ ‘കോര്‍ ഉനം’ത്തിന്റേയും പങ്കാളിത്തത്തോടെ ഹംഗറി ഹെല്‍പ്സ് ഏജന്‍സി സിറിയയിലെ മൂന്ന്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കായി ഏതാണ്ട് 17 ലക്ഷം യു.എസ്. ഡോളര്‍ നല്‍കികഴിഞ്ഞു. ഇതിനു പുറമേ ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരേയും, നൈജീരിയന്‍ ക്രിസ്ത്യാനികളേയും 'ഹംഗറി ഹെല്‍പ്സ്' സഹായിച്ചിട്ടുണ്ട്. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ പുനരധിവാസത്തിന് കാര്യമായ ഇടപെടല്‍ ഹംഗറി നേരത്തെ നടത്തിയിരിന്നു.
ലോകത്താകമാനമായി ഓരോ മാസവും ശരാശരി 345 ക്രിസ്തുമതവിശ്വാസികള്‍ വീതം കൊലചെയ്യപ്പെടുന്നുണ്ടെന്നാണ് ഹംഗറി സര്‍ക്കാരിന്റെ അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പാശ്ചാത്യ ലോകത്താദ്യമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളുടെ സഹായത്തിനു വേണ്ടി ഒരു സ്റ്റേറ്റ് സെക്രട്ടറിയേറ്റിനു തന്നെ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎസ് എയിഡുമായി ചേര്‍ന്ന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തിനിരയായ ക്രിസ്ത്യാനികളുടെ സഹായത്തിനായുള്ള പരസ്പര ധാരണാപത്രത്തില്‍ ഹംഗറി ഒപ്പിട്ടിരുന്നു.
ക്രൈസ്തവര്‍ക്ക് നേരെയുള്ള വ്യാപക ആക്രമണങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നിശബ്ദത തുടരുമ്പോഴും ക്രൈസ്തവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന രാഷ്ട്രമാണ് ഹംഗറി. ക്രൈസ്തവരുടെ സംരക്ഷണവും യൂറോപ്പിനെ ക്രിസ്തീയ മൂല്യങ്ങളിലേക്ക് മടക്കികൊണ്ടുവരികയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്.