News - 2025
ജെറുസലേം സന്ദര്‍ശിക്കുവാന്‍ പലസ്തീന്‍ ക്രൈസ്തവര്‍ക്ക് അനുമതി
സ്വന്തം ലേഖകന്‍ 27-04-2019 - Saturday
പലസ്തീന്‍: ഉയിര്‍പ്പ് തിരുനാളിനോട് അനുബന്ധിച്ച് ഗാസാ മുനമ്പില്‍ താമസിക്കുന്ന നൂറുകണക്കിന് പലസ്തീന്‍ ക്രിസ്ത്യാനികള്‍ക്ക് ജെറുസലേമിലും, ബെത്ലഹേമിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാന്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് അനുമതി നല്‍കി. മൊത്തം 500 പെര്‍മിറ്റുകളാണ് ഭരണകൂടം അനുവദിച്ചത്. ഇതില്‍ ജെറുസലേം, വെസ്റ്റ്‌ബാങ്ക് എന്നിവിടങ്ങളിലേക്ക് 300 എണ്ണവും, ജോര്‍ദ്ദാനിലേക്ക് 200 എണ്ണവുമാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റ് കടന്ന്‍ ജെറുസലേമും, ബെത്ലഹേമും സന്ദര്‍ശിക്കുവാനുള്ള അപേക്ഷ ഗാസാ മുനമ്പിലെ ക്രൈസ്തവര്‍ അധികൃതര്‍ക്ക് നല്‍കിയിരിന്നുവെങ്കിലും തീരുമാനമായിരിന്നില്ല.
അമേരിക്കയിലേയും, യൂറോപ്പിലേയും നിരവധി ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ചയാക്കിയ സാഹചര്യത്തിലാണ് ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് വിശുദ്ധ നഗരം സന്ദര്‍ശിക്കുവാനുള്ള അനുവാദം ലഭിച്ചത്. അനുവാദം ലഭിച്ചതിനു ശേഷം ഈസ്റ്ററിനു മുന്‍പ് വേണ്ടത്ര സമയം ലഭിക്കാഞ്ഞതിനാല്‍ എത്രപേര്‍ക്ക് ജെറുസലേം സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ വിശുദ്ധ നഗരങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം വേണ്ടവിധം വിനിയോഗിച്ചെക്കുമെന്നാണ് നിരീക്ഷണം.
അതേസമയം ഗാസാ മുനമ്പിലെ ക്രൈസ്തവരുടെ എണ്ണം വര്‍ഷം ചെല്ലുന്തോറും ഗണ്യമായി കുറഞ്ഞു വരികയാണ്. ഭൂരിഭാഗവും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു. പലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (PCBS) കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് വെറും 1138 പലസ്തീനി ക്രൈസ്തവര്‍ മാത്രമാണ് ഇപ്പോള്‍ ഗാസ മുനമ്പിലുള്ളത്. ജെറുസലേമിലും, വെസ്റ്റ്‌ബാങ്കിലും, ഇസ്രായേലിലും ബന്ധുക്കളുള്ളവരാണ് ഇവരില്‍ ഭൂരിഭാഗം പേരും.