News - 2024

വ്യാജ മതനിന്ദ കുറ്റത്തിന്റെ പേരില്‍ വധശിക്ഷ: ഇരകളായി പാക്ക് ക്രൈസ്തവ ദമ്പതികള്‍

സ്വന്തം ലേഖകന്‍ 16-05-2019 - Thursday

ഇസ്ലാമാബാദ്: ആസിയ ബീബിക്ക് സമാനമായി പാക്കിസ്ഥാനിലെ വിവാദ മതനിന്ദ നിയമത്തിന്റെ ഇരകളായ ക്രൈസ്തവ ദമ്പതികള്‍ നിയമപോരാട്ടത്തിന്. വ്യാജ കേസ് ചമഞ്ഞ് ഇസ്ലാമിക വിശ്വാസി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് ഷഗുഫ്ത കൗസര്‍ ഭര്‍ത്താവ് ഷഫ്ഖത്ത് മസീഹ് എന്നിവര്‍ വധശിക്ഷ വിധിക്കപ്പെട്ടു തടവില്‍ കഴിയുന്നത്. നിരക്ഷരയായ കൗസര്‍ ഖുറാനും ഇസ്ലാമിനുമെതിരായ സന്ദേശങ്ങള്‍ മൊബൈലില്‍ നിന്നു മെസേജ് ആയി അയച്ചെന്നാണു കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന്‍ ഇവരുടെ അഭിഭാഷകനും ആസിയയ്ക്കുവേണ്ടി കോടതിയില്‍ വാദിക്കുകയും ചെയ്ത സൈഫുള്‍ മാലൂക്ക് പറയുന്നു.

കുട്ടികള്‍ തമ്മിലുള്ള വഴക്കിന്റെ പേരില്‍ മുഹമ്മദ് ഹുസൈന്‍ എന്നയാളാണ് ഇവര്‍ക്കെതിരെ മോസ്‌കില്‍ പരാതി പറഞ്ഞത്. ഇത് പിന്നീട് തത്പര കക്ഷികളുടെ ഇടപെടലിനെ തുടര്‍ന്നു കേസാക്കി മാറ്റുകയായിരിന്നു. കൗസറിന്റെ ഐഡന്റിറ്റി നമ്പര്‍ ഉപയോഗിച്ചു വ്യാജമായി സിം കാര്‍ഡ് വാങ്ങി ഒരു അയല്‍ക്കാരനാണു കേസിനുകാരണമായ സന്ദേശങ്ങള്‍ അയച്ചതെന്നു പിന്നീട് വ്യക്തമായി. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ (ബിപിസിഎ) ആണ് ഇവരുടെ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

2014ല്‍ തോബാ തേക്‌സിംഗ് ജില്ലാ കോടതിയിലെ ജഡ്ജി മിയാന്‍ അമീര്‍ ഹബീബ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. മുന്‍പ് ആസിയ ബീബി കഴിഞ്ഞ മുള്‍ട്ടാനിലെ ജയിലിലാണ് കൗസര്‍. 240 കിലോമീറ്റര്‍ അകലെ ഫൈസലാബാദ് ജയിലിലാണ് ഭര്‍ത്താവ് മസീഹ് കഴിയുന്നത്. അരയ്ക്കു കീഴെ തളര്‍ന്നയാളാണു മസീഹ്. പഞ്ചാബിലെ ഗോജ്ര പട്ടണക്കാരാണ് ഇവര്‍. കൗസര്‍ അവിടെ സെന്റ് ജോണ്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആയയാണ്. ഇപ്പോള്‍ ഒന്‍പതു മുതല്‍ 15 വരെ വയസുള്ള നാലു കുട്ടികള്‍ ഇവര്‍ക്കുണ്ട്. ഭര്‍തൃസഹോദരിയാണ് അവരെ നോക്കുന്നത്. ദമ്പതികളുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ നിയമപോരാട്ടം തുടരുകയാണ് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍.

More Archives >>

Page 1 of 450