News

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ക്രിസ്തുമത പീഡനം: വിഷയം നയതന്ത്രതലത്തില്‍ ഉന്നയിക്കുമെന്ന് ബ്രിട്ടൻ

സ്വന്തം ലേഖകന്‍ 16-05-2019 - Thursday

ലണ്ടന്‍: ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനത്തിനിരയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വിഷയം പരിഗണനയിലെടുക്കുമെന്നും, ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും യു.കെ യിലെ തെരേസ മെയ് സര്‍ക്കാര്‍.

ബ്രിട്ടീഷ് ഗവൺമെന്റിന്റെ വിദേശ കാര്യാലയം നിയോഗിച്ച അവലോകന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമാണ് ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ക്രിസ്തുമത പീഡനത്തിൽ ബ്രിട്ടൻ ആശങ്ക പ്രകടിപ്പിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമ്മണ്‍സിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ചോദ്യോത്തരവേളയില്‍ യുകെ വിദേശ ഓഫീസ് മന്ത്രി മാര്‍ക്ക് ഫീല്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹമാണ് യുകെയിലെ ഫോറിൻ കോമൺവെൽത്ത് ഓഫീസിൽ ഏഷ്യയുടെ ചുമതല വഹിക്കുന്നത്.

"മറ്റ് രാജ്യങ്ങളില്‍ നടക്കുന്നത് പോലെ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ തീര്‍ച്ചയായും വര്‍ദ്ധനവുണ്ട്. ഞങ്ങള്‍ ഇക്കാര്യം പരിഗണിക്കുകയും, നയതന്ത്രതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യും", മാര്‍ക്ക് ഫീല്‍ഡ് സഭയില്‍ വ്യക്തമാക്കി. മെയ് ആദ്യത്തില്‍ ഇന്ത്യയിലെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പാർലമെന്റംഗമായ ഡേവിഡ് ലിന്‍ഡന്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് ഫീല്‍ഡ് ഇക്കാര്യം അറിയിച്ചത്.

ഇതിനു മുന്‍പ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടും ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന മതപീഡനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വികസ്വര രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മതവിദ്വേഷം കലര്‍ത്തുന്നത് ദോഷകരമായ അനന്തര ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഹണ്ട് പറഞ്ഞത്. നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറുടെ വസതിയില്‍ വെച്ച് നടന്ന വിവിധ മതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വിഷയത്തെക്കുറിച്ചു ആഴത്തിൽ പഠിച്ചു സ്വതന്ത്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി അദ്ദേഹം ട്രൂറോയിലെ ആംഗ്ലിക്കന്‍ മെത്രാനായ ഫിലിപ്പ് മൗസ്റ്റെഫെനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നടത്തിയ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്‌. ഇന്ത്യയില്‍ ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ജാര്‍ഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ജനക്കൂട്ട ആക്രമണങ്ങള്‍ പതിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം ലോകത്തിന്റെ ചില മേഖലകളിലെ പ്രത്യേകിച്ച് മധ്യ-പൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളെ വംശനാശത്തിലേക്ക് എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍.

ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ ഇന്ത്യയിലെ ഭരണകൂടവും മാധ്യമങ്ങളും കണ്ടില്ലന്നു നടിക്കുമ്പോഴും, വിദേശരാജ്യങ്ങളിലെ സർക്കാരുകൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിക്കുമ്പോൾ അത്, ഇന്ത്യയിൽ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന പീഡനങ്ങൾ എത്രയോ ഭീകരമാണ് എന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

More Archives >>

Page 1 of 450