News - 2024
ഈസ്റ്റർ സ്ഫോടനം നടന്ന ദേവാലയങ്ങൾ മോദി സന്ദർശിക്കും
സ്വന്തം ലേഖകന്‍ 03-06-2019 - Monday
കൊളംബോ: ശ്രീലങ്കൻ പര്യടനത്തിന് പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടന്ന സെന്റ് ആന്റണിസ് ദേവാലയം സന്ദർശിക്കും. ജൂൺ ഒൻപതിനാണ് സന്ദർശനം നടക്കുക. അക്രമം നടന്ന മറ്റ് ദേവാലയങ്ങൾ സന്ദർശിച്ചേക്കുമെന്നും സൂചനയുണ്ട്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന മെയ് മുപ്പത്തിയൊന്നിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിദ്വീപ് സന്ദർശനത്തിന് ശേഷമാണ് മോദി ശ്രീലങ്കയിൽ പര്യടനം നടത്തുന്നത്.
ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനപരമ്പരയെ കുറിച്ചുള്ള അന്വേഷണത്തിന് ദേശീയ അന്വേഷണ സംഘമായ നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിർണ്ണായകമായ സഹായം നൽകിവരുന്നുണ്ട്. അതേസമയം അയൽരാജ്യമെന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രധാനപെട്ടതാണെന്നും അതിനായി രാജ്യം കാത്തിരിക്കുകയാണെന്നും സിരിസേന പറഞ്ഞു.
ശ്രീലങ്കൻ സൗഹൃദ സന്ദർശനത്തിനുള്ള ക്ഷണത്തിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം നന്ദി അറിയിച്ചു. ശ്രീലങ്കയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായവും ഭാരതത്തിന്റെ ഭരണകൂടം നൽകുമെന്ന വാഗ്ദാനം പ്രധാനമന്ത്രി അറിയിച്ചു.