News - 2024
ആഫ്രിക്കയിൽ നിന്നും തട്ടിക്കൊണ്ടുപോയ വൈദികനായി സര്‍വ്വമത പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 19-06-2019 - Wednesday
നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ മിഷ്ണറി വൈദികനു വേണ്ടി സര്‍വ്വമത പ്രാര്‍ത്ഥനയുമായി പ്രാദേശിക സമൂഹം. ഒന്‍പത് മാസം മുന്‍പ് കാണാതായ സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ് (SAM) അംഗമായ ഫാ. പിയർലുയിജി മക്കാലിക്കു വേണ്ടിയാണ് ഇസ്ലാം മതം അടക്കം വിവിധ മതങ്ങളുടെ അധ്യക്ഷന്മാര്‍ സമൂഹ പ്രാര്‍ത്ഥന നടത്തിയത്. ഫാ. മൗറോ അർമാനിനോ പ്രാർത്ഥന സമ്മേളനത്തിന് നേതൃത്വം നൽകി.
നിയാമെ സെന്റ് മൊണിക് ദേ ല ഫ്രാൻകോഫോണി ചാപ്പലിൽ ജൂൺ പതിനേഴിന് നടന്ന പ്രാർത്ഥന ശുശ്രുഷയിൽ രൂപത മെത്രാനും മറ്റു സഭാനേതാക്കന്മാരും വിവിധ മതസ്ഥരും സന്നിഹിതരായിരുന്നു. സൗഹൃദത്തിനും സമാധാനത്തിനുമായി നടത്തിയ ഒരു മണിക്കൂർ പ്രാർത്ഥനയിൽ വധിക്കപെട്ടവരും കാണാതായവരുമായ എല്ലാ വിശ്വാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായും പ്രാർത്ഥിച്ചു. ഏതാനും ദിവസങ്ങൾക്കു മുൻപ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മാറാടിയിലെ ദേവാലയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫാ. പിയർലുയിജിയ്ക്കായി പ്രാർത്ഥന തുടരണമെന്നും ഫാ. അർമാനിയ കൂട്ടിച്ചേർത്തു.
ക്രേമ രൂപതാംഗമായ ഫാ. മക്കാലി നേരത്തെ ഐവറി കോസ്റ്റിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന്, നിയാമെയിൽ ബൊമാങ്ക ഇടവക വികാരിയായിരിക്കെയാണ് അദ്ദേഹത്തിന്റെ തിരോധാനം. സുവിശേഷവത്ക്കരണം, സാമൂഹ്യ പുരോഗതി, വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങൾ, യുവകർഷക പരിശീലനം തുടങ്ങിയ മേഖലകളിലും അദ്ദേഹം തന്റേതായ മുദ്ര പതിപ്പിച്ചിരിന്നു.