India - 2025

'അഭിഷിക്തരില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ വിശ്വാസികള്‍ ഉള്‍ക്കൊള്ളില്ല'

സ്വന്തം ലേഖകന്‍ 19-07-2019 - Friday

കൊച്ചി: അഭിഷിക്തരില്‍നിന്നു നിലവാരം കുറഞ്ഞ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വിശ്വാസികള്‍ ഉള്‍ക്കൊള്ളില്ലായെന്നും വിശ്വാസികള്‍ക്കു മാതൃകയാകേണ്ട വൈദികര്‍ വത്തിക്കാന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ തയാറാകണമെന്നും കത്തോലിക് കോണ്‍ഗ്രസ്. എറണാകുളം- അങ്കമാലി അതിരൂപതയുടെ പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഓഗസ്റ്റ് മാസത്തിലെ സീറോ മലബാര്‍ സഭയുടെ സിനഡ് നിശ്ചയിച്ചിട്ടുള്ളതിനാല്‍ ബന്ധപ്പെട്ടവര്‍ എല്ലാ വിവാദങ്ങളില്‍നിന്നും മാറിനിന്നു സഭയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാന്‍ ആത്മസംയമനം പാലിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു.

കത്തോലിക്കാ സഭയുടെ അന്തസും അഭിമാനവും പവിത്രതയും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അല്മായര്‍ ഒറ്റക്കെട്ടായി നേരിടും. അഭിഷിക്തരില്‍നിന്നു നിലവാരം കുറഞ്ഞ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വിശ്വാസികള്‍ ഉള്‍ക്കൊള്ളില്ല. കത്തോലിക്കാ സഭയെയും ഫ്രാന്‍സിസ് മാര്‍പാപ്പയെയും ധിക്കരിച്ചു സഭയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല. രണ്ടായിരം വര്‍ഷത്തെ പാരന്പര്യങ്ങളെയും വിശ്വാസമൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാന്‍, ഉത്തരവാദിത്വപ്പെട്ടവരില്‍നിന്നുണ്ടാകുന്ന നീക്കങ്ങള്‍ അങ്ങേയറ്റം ഖേദകരമാണ്.

െ്രെകസ്തവ മൂല്യങ്ങളില്‍നിന്നു വ്യതിചലിച്ചും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചും ആരും മുന്നോട്ടുപോകുന്നതു ഭൂഷണമല്ല. കത്തോലിക്കാസഭയെ പൊതുസമൂഹത്തില്‍ മോശമാക്കും വിധത്തിലുള്ള എല്ലാ വിമതപ്രവര്‍ത്തനങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, ഭാരവാഹികളായ ജോയ് മുപ്രപ്പിള്ളി, ബെന്നി ആന്റണി, ജോസ് മേനാച്ചേരി, സാജു അലക്‌സ്, സെലിന്‍ സിജോ, കെ.ജെ. ആന്റണി, ജോര്‍ജ് കോയിക്കല്‍, ആന്റണി എല്‍. തൊമ്മാന, തോമസ് പീടികയില്‍, ജാന്‍സന്‍ ജോസഫ്, ജോസ്‌കുട്ടി ജെ. ഒഴുകയില്‍, പീറ്റര്‍ ഞരളക്കാട്ട്, മോഹന്‍ തോമസ്, തൊമ്മി പിടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 256