India - 2025
വിശുദ്ധ അല്‍ഫോന്‍സാമ്മ വിശുദ്ധിയിലേക്കുള്ള മലയാള വഴി: ബിഷപ്പ് ജോസഫ് കരിയില്‍
21-07-2019 - Sunday
ഭരണങ്ങാനം: വിശുദ്ധിയിലേക്കുള്ള മലയാള വഴിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നു കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയില്‍. ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. വിശുദ്ധിയിലൂടെ നടന്നുനീങ്ങാന്‍ പൊതുവായി ചില ചൂണ്ടു പലകകള്‍ അല്‍ഫോന്‍സാമ്മ കാണിച്ചു തരുന്നു. സ്വര്‍ഗീയാരാമത്തില്‍ പുണ്യവാന്‍മാര്‍ ധാരാളമുണ്ട്. ഓരോരുത്തര്‍ക്കും വിശുദ്ധിയിലേക്കുള്ള വഴി ഭിന്നമാണ്. നമ്മള്‍ അല്‍ഫോന്‍സാമ്മയുടെ ഫോട്ടോകോപ്പി ആകേണ്ട, മറിച്ച് അല്‍ഫോന്‍സാമ്മ കാണിച്ചുതന്ന വഴിയിലൂടെ നടന്നാല്‍ സ്വര്‍ഗത്തിലെത്തും അദ്ദേഹം പറഞ്ഞു.
ഫാ. ജോസ് മഠത്തിക്കുന്നേല്‍, ഫാ.മാത്യു മുളങ്ങാശേരില്‍, ഫാ. ജോസ് അഞ്ചേരില്‍, ആന്റണി വെച്ചൂര്‍, റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ ജപമാല, മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഇന്നു രാവിലെ 11ന് സാഗര്‍ ബിഷപ് മാര്‍ ജയിംസ് അത്തിക്കളം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാവിലെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണം.