India - 2025

സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളെ അംഗീകരിക്കില്ല: കാത്തലിക് ഫെഡറേഷന്‍

സ്വന്തം ലേഖകന്‍ 20-07-2019 - Saturday

കൊച്ചി: സഭയ്ക്കുള്ളില്‍നിന്ന് ഏതു പ്രശ്‌നവും പരിഹരിക്കപ്പെടാനുള്ള അവസരം ഉണ്ടായിരിക്കേ, വിശ്വാസികളെ രണ്ടു ചേരിയിലാക്കി സഭയെ ആകമാനം അപകീര്‍ത്തിപ്പെടുത്തുന്ന എറണാകുളംഅങ്കമാലി അതിരൂപതയില്‍ വൈദികരുടെ നടപടികളെ ഒരിക്കലും സാധൂകരിക്കാന്‍ കഴിയില്ലായെന്ന് കേരള കത്തോലിക്ക സഭയുടെ മൂന്നു റീത്തുകളിലെയും അല്‍മായരുടെ സംസ്ഥാന ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന സെക്രട്ടേറിയറ്റ്.

പുരോഹിതശ്രേഷ്ഠന്മാര്‍ സഭയ്ക്കും മാര്‍പാപ്പയ്ക്കും പിതാക്കന്മാര്‍ക്കുമെതിരേ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നത് കേരള കത്തോലിക്ക സഭ ചരിത്രത്തിലെ ആദ്യസംഭവമാണ്. സഭയ്ക്കുള്ളില്‍നിന്ന് ഏതു പ്രശ്‌നവും പരിഹരിക്കപ്പെടാനുള്ള അവസരം ഉണ്ടായിരിക്കേ, വിശ്വാസികളെ രണ്ടു ചേരിയിലാക്കി സഭയെ ആകമാനം അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികളെ ഒരിക്കലും സാധൂകരിക്കാന്‍ കഴിയില്ല.

കേരള കത്തോലിക്ക സഭയുടെ 33 രൂപതകളിലെയും വിശ്വാസികള്‍ ഈ വിഷയത്തില്‍ അതീവ ദുഃഖിതരാണ്. സഭയിലെ ആയിരക്കണക്കിനു വൈദികരുടെ ആത്മാഭിമാനത്തെയും ബഹുമാനങ്ങളെയും വിശ്വാസിസമൂഹവും പൊതുസമൂഹവും ചോദ്യം ചെയ്യുന്ന അവസ്ഥാവിശേഷം ചുരുക്കം വൈദികരുടെ സമരമുറയിലൂടെ സംജാതമായിട്ടുള്ളതാണ്. ഈ വിഷയത്തില്‍ കെസിബിസിയും സിബിസിഐയും വത്തിക്കാന്‍ പ്രതിനിധിയും അടിയന്തരമായി ഇടപെടണം. സമരരംഗത്തുള്ള വൈദികര്‍ എത്രയും വേഗം സമരം ഉപേക്ഷിച്ചു ക്രിസ്തീയ മാര്‍ഗങ്ങളിലൂടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ശ്രമിക്കണം.

ഇരുപക്ഷത്തും നിലകൊള്ളുന്ന അല്‍മായ സഹോദരങ്ങള്‍ ഇത്തരം നിലപാടുകള്‍ സഭയെ ശക്തിപ്പെടുത്തുന്നവയല്ല മറിച്ചു ദുര്‍ബലപ്പെടുത്തുന്നതാണെന്നു ബോധ്യപ്പെട്ടു സഭയിലെ വിഘടനപ്രക്രിയക്കെതിരേ ശക്തമായി നിലകൊള്ളമെന്നു കെസിഎഫ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

More Archives >>

Page 1 of 256