India - 2025
'അനുസരണം പുലര്‍ത്താത്ത സമീപനം സഭയുടെ വളര്‍ച്ചയെ മുരടിപ്പിക്കും'
20-07-2019 - Saturday
ഭരണങ്ങാനം: അനുസരണം പുലര്‍ത്താത്ത സമീപനം സഭയുടെ കെട്ടുറപ്പിനെയും വളര്‍ച്ചയെയും മുരടിപ്പിക്കുമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സഭാഗാത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കരുതപ്പെട്ടു പോരുന്നത് വിശ്വസ്തതയാണെന്നിരിക്കെ ഇക്കാലത്തെ അച്ചടക്കരാഹിത്യം സഭയില്‍ വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാക്കും. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
വൈദികനോ അല്മായനോ മെത്രാനോ സിനഡിനെയോ സിനഡിന്റെ തലവനെയോ ചോദ്യംചെയ്യാന്‍ പാടില്ല. സിനഡ് എല്ലാവരോടും ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. സിനഡിനെ ചോദ്യം ചെയ്യാന്‍ വൈദികനോ ഒരു അല്മായനോ ഒരു മെത്രാനോ അവകാശമില്ല. സീറോ മലബാര്‍സഭാ സിനഡ് തെരഞ്ഞെടുത്ത തലവനാണ് നമ്മുടേത്. നിഷ്‌കളങ്കമായും ആത്മാര്‍ഥമായും ശുശ്രൂഷ ചെയ്യുന്ന തലവനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട കാരണങ്ങളാല്‍ ചോദ്യംചെയ്യുന്ന പ്രവണതയില്‍നിന്നു മാറിനില്‍ക്കണം.
ആരെങ്കിലും പറഞ്ഞതുകൊണ്ടു തലവനെ മാറ്റിനിര്‍ത്തുന്ന, മാറ്റിനിര്‍ത്തപ്പെടേണ്ട സാഹചര്യം വന്നാല്‍ ഞങ്ങളെപ്പോലെയുള്ള മെത്രാന്മാരുടെ ശുശ്രൂഷയില്‍ കാര്യമുണ്ടെന്നു വിചാരിക്കുന്നില്ല. സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്. സീസറിന്റെ ശക്തി സന്പത്താണ്, നാണയമാണ്. സീസറിന്റെ ഇമേജ് നാണയത്തിലാണ്. ദൈവത്തിന്റെ ഇമേജ് നമ്മളിലാണ്. നമ്മുടെ ഇമേജ് എന്നാല്‍ സഭയുടെ ഇമേജ്. അതു ദൈവത്തിന്റെ ഇമേജ് തന്നെയാണ്. സീസര്‍ പ്രത്യക്ഷപ്പെടുന്നത് നാണയത്തിലാണ്. ദൈവം പ്രത്യക്ഷപ്പെടുന്നതു നമ്മളില്‍ക്കൂടിയാണ്, മനുഷ്യരിലൂടെയാണ്, ഈ പ്രപഞ്ചത്തിലൂടെയാണ്.
അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ ഒന്നിക്കുന്‌പോള്‍ സഭാഗാത്രത്തിന്റെ ഒരുമയ്ക്കുവേണ്ടിയുള്ള ശക്തമായ ചിന്തകളായിരിക്കണം ഇവിടെ പ്രഘോഷിക്കപ്പെടേണ്ടത്. വിഭജിച്ചുനിന്നുകൊണ്ട് നമുക്ക് ഒന്നും നേടാനാകില്ല. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം വളരെ ആവശ്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.