India - 2025

വിദ്വേഷമോ പകയോ വച്ചുപുലര്‍ത്തരുത്: സമാധാന ആഹ്വാനവുമായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 23-07-2019 - Tuesday

കൊച്ചി: കോലം കത്തിക്കലും പ്രകടനവുമെല്ലാം രാഷ്ട്രീയ സമരപരിപാടികളാണെന്നും ഇത്തരം സമരരീതി സഭയ്ക്കു യോജിച്ചതല്ലായെന്നും സഭയോടു ചേര്‍ന്നു നിന്നു സഭയെ ശക്തിപ്പെടുത്തുകയാണ് ആവശ്യമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ വിവധ രൂപതകളിലെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോടും വിദ്വേഷമോ പകയോ വച്ചുപുലര്‍ത്തരുതെന്നു പ്രതിനിധികളെ ഉപദേശിച്ച കര്‍ദിനാള്‍, ആര്‍ക്കുമെതിരേ ചെറിയൊരു വാക്കുപോലും പറയരുതെന്നും ഓര്‍മിപ്പിച്ചു.

കോടതി വ്യവഹാരങ്ങളും പ്രതിഷേധപ്രകടനങ്ങളും കോലം കത്തിക്കലും അവസാനം അതിരൂപതയ്ക്കുള്ളില്‍ നിരാഹാരസമരവും നടത്തി. ഇതെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്ന രീതിയിലേക്കു മാറി. ഇതൊന്നും സഭാത്മകമായിരുന്നില്ല. സഭയില്‍ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചവരെ അതിലേക്കു നയിച്ചതാരെന്ന് അറിഞ്ഞുകൂടാ. പ്രതിഷേധിച്ചവരില്‍ നല്ലൊരു വിഭാഗത്തിന് സത്യാവസ്ഥ മനസിലായതിനാല്‍ പിന്മാറി. ചെറിയൊരു വിഭാഗം മാത്രമാണു പ്രതിഷേധിക്കുന്നത്.

പ്രതിഷേധമുണ്ടാക്കുന്നവരെ ആരെയും ഒരിക്കലും തള്ളിക്കളയരുത്. മാറ്റി നിര്‍ത്തരുത്. അവരോടു വിദ്വേഷം പുലര്‍ത്തരുത്. അവരെ സഭയോടു ചേര്‍ത്തു നിര്‍ത്തി സഭയെ ശക്തിപ്പെടുത്തണമെന്നും മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു. എതിര്‍പ്പു പ്രകടിപ്പിക്കുന്നവര്‍ ഉന്നയിക്കുന്ന വിഷയത്തില്‍ താന്‍ സത്യവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നു വ്യക്തമാക്കിയ കര്‍ദിനാള്‍, താന്‍ നിശബ്ദത പാലിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമായിരുന്നുവെന്നും പറഞ്ഞു. ഇനിയും തന്റെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ചു നിശബ്ദത മാത്രമേ ഉണ്ടാവുകയുള്ളൂ. വ്യക്തിപരമായി തനിക്കു മനഃക്ലേശമില്ലെന്നു പറഞ്ഞ കര്‍ദിനാള്‍, മറ്റു ചില മനഃക്ലേശങ്ങളുണ്ടായിട്ടുണ്ടെന്നും അതു സിനഡിനെ അറിയിക്കുമെന്നും വ്യക്തമാക്കി.

More Archives >>

Page 1 of 257