India - 2025
'ദൈവം തന്ന മക്കളെ ദൈവത്തിനുവേണ്ടി വളര്‍ത്തേണ്ടത് ഓരോ അമ്മമാരുടെയും കടമ'
02-08-2019 - Friday
കൊടകര: ദൈവം തന്ന മക്കളെ ദൈവത്തിനുവേണ്ടി വളര്‍ത്തി പരിപോഷിപ്പിച്ച തിരികെയേല്‍പ്പിക്കേണ്ട കടമ ഓരോ അമ്മമാര്‍ക്കുമുണ്ടെന്ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. ഇരിങ്ങാലക്കുട രൂപത മാതൃവേദിയുടെ നേതൃത്വത്തിലുള്ള 40 ദിവസത്തെ കുടുംബ വിശുദ്ധീകരണ വിശ്വാസ തീര്‍ഥാടനം 'സാങ്റ്റിഫിക്ക ഫെമീലിയാസ് 2019' കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിലെ നെടുവീര്‍പ്പുകള്‍ തിരിച്ചറിയാന്‍ ഓരോ അമ്മമാര്‍ക്കും കഴിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്നത്തെ കുട്ടികള്‍ വളരുന്നത് തികച്ചും സങ്കീര്‍ണമായ സാഹചര്യങ്ങളിലാണ്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് അവരെ സുഹൃത്തുക്കളായി കാണുകയാണ് വേണ്ടത്. കുട്ടികളെ വിശ്വസ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിക്കേണ്ടത് അമ്മമാരാണ്.
ദൈവം തന്ന മക്കളെ ദൈവത്തിനുവേണ്ടി വളര്‍ത്തി പരിപോഷിപ്പിച്ച തിരികെയേല്‍പ്പിക്കേണ്ട കടമ ഓരോ അമ്മമാര്‍ക്കുമുണ്ട്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മയുടെ സന്യാസ പൂര്‍വ ജീവിതം അമ്മമാര്‍ മാതൃയാക്കേണ്ടതുണ്ടെന്നും മാര്‍ നീലങ്കാവില്‍ കൂട്ടിച്ചേര്‍ത്തു.
പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ രഞ്ജന അനുഗ്രഹ പ്രഭാഷണം നടത്തി. കനകമല തീര്ഥാടന കേന്ദ്രം റെക്ടറും രൂപത മാതൃവേദി ഡയറക്ടറുമായ ഫാ.ജോയ് തറക്കല്‍, മാതൃവേദി രൂപത പ്രസിഡന്റ് ജാര്‍ളി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ വിധവകള്‍ക്ക് മാതൃവേദിയുടെ നവോമി കാരുണ്യ സ്പര്‍ശം പദ്ധതിയിലുള്‍പ്പെടുത്തി സാന്പത്തിക സഹായം വിതരണം ചെയ്തു.
രാവിലെ കാട്ടൂരിലുള്ള വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ജന്മ ഗൃഹം, മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഇരിങ്ങാലക്കുട കത്തീഡ്രലിലെ കബറിടം, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മയുടെ കുഴിക്കാട്ടുശേരിയിലെ കബറിടം എന്നിവിടങ്ങളില്‍ നിന്ന് കൊളുത്തിയ ദീപശിഖ പ്രയാണങ്ങള്‍ ആളൂരില്‍ സംഗമിച്ച ശേഷം നൂറുകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെയാണ് കനകമലയിലെത്തിയത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മയുടെ തിരുശേഷിപ്പും തിരുരൂപവും കനകമല ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. മാതൃവേദി രൂപത സെക്രട്ടറി റോസ് തോമസ്, ട്രഷറര്‍ ഷാജി യാക്കോബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.