News
തിരുകുടുംബ ദേവാലയത്തിലേക്ക് ഇസ്ലാം മതസ്ഥര്‍ അടക്കമുള്ള വിശ്വാസികളുടെ പ്രവാഹം
സ്വന്തം ലേഖകന്‍ 20-08-2019 - Tuesday
കെയ്റോ: കൊടും ചൂടിനെ വകവെക്കാതെ തിരുകുടുംബം ഈജിപ്തില്‍ താമസിച്ചിരുന്ന സെന്റ് മേരി ഗുഹാ ദേവാലയത്തിലേക്ക് ഇസ്ലാം മതസ്ഥരടക്കമുള്ള പതിനായിരകണക്കിന് വിശ്വാസികളുടെ പ്രവാഹം. അസ്യൂട്ടിന് സമീപമുള്ള വിര്‍ജിന്‍ മേരി ആശ്രമവും അതിനുള്ളിലെ ഗുഹാ ദേവാലയവും സന്ദര്‍ശിച്ചുകൊണ്ട് മരിയന്‍ ഭക്തിയും, തിരുകുടുംബത്തിന്റെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഓര്‍മ്മയും പുതുക്കാന്‍ ആയിരങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി എത്തിക്കൊണ്ടിരിക്കുന്നത്. അസ്യൂട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ നൈല്‍ നദിയുടെ പടിഞ്ഞാറെ തീരത്ത് ദ്രോങ്കാ മലയിലാണ് ആശ്രമവും ഗുഹാ ദേവാലയവും സ്ഥിതി ചെയ്യുന്നത്. മെഴുകുതിരി കത്തിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും അത്ഭുതപൂര്‍വമായ തിരക്കാണ് ഇക്കൊല്ലവും അനുഭവപ്പെട്ടത്.
യേശുവിന്റെ ജനനത്തിനു ശേഷം ഹേറോദേസിന്റെ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടുവാനായി ഈജിപ്തിലേക്ക് പലായനം ചെയ്ത തിരുകുടുംബം നസറേത്തിലേക്കുള്ള മടക്കയാത്രക്ക് മുന്‍പ് ഈജിപ്തില്‍ അവസാനമായി തങ്ങിയത് ദ്രോങ്കാ മലയിലെ ഒരു ഗുഹയിലാണെന്നാണ് പാരമ്പര്യം. ഈ ഗുഹയിലാണ് സെന്റ് മേരി ആശ്രമത്തിലെ സെന്റ് മേരി ദേവാലയം സ്ഥിതി ചെയ്യുന്നത്. എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ പതിനായിരകണക്കിന് വിശ്വാസികളാണ് ഈ ആശ്രമവും ചാപ്പലും സന്ദര്‍ശിക്കുവാനെത്തുന്നത്. ക്രൈസ്തവര്‍ക്ക് പുറമേ ഇസ്ലാം മതസ്ഥരും ഇവിടം പുണ്യസ്ഥലമായിട്ടാണ് കരുതുന്നത്. ഇരുമതങ്ങളില്‍ നിന്നുമായി വര്‍ഷംതോറും ലക്ഷകണക്കിന് തീര്‍ത്ഥാടകാരാണ് ഈ ആശ്രമം സന്ദര്‍ശിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും അത്ഭുതപൂര്‍വ്വകമായ തിരക്കാണുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിര്‍ജിന്‍ മേരി ആശ്രമത്തില്‍ വേറെയും ദേവാലയങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പഴക്കമുള്ളത് ഈ ഗുഹാ ദേവാലയമാണ്. ഈ ആശ്രമവും ദേവാലയവുമായി ബന്ധപ്പെട്ട അത്ഭുതങ്ങളുടെ നിരവധി കഥകളാണ് വിശ്വാസികള്‍ക്ക് പറയുവാനുള്ളത്. അസ്സ്യൂട്ടില്‍ നിന്നും തിരിച്ച തിരുക്കുടുംബം വടക്ക് ലക്ഷ്യമാക്കി മിസര്‍ അല്‍-കദീമയിലേക്കും (പഴയ കെയ്റോ) അവിടെ നിന്നും അബു സര്‍ഗായിലേക്കും പോയെന്നും, അവിടെയുള്ള ഒരു ഗുഹയിലും കുറച്ചു ദിവസം താമസിച്ചുവെന്നുമാണ് വിശ്വസിക്കുന്നത്. അതേസമയം ഓഗസ്റ്റ് 7നു ആരംഭിച്ച തീര്‍ത്ഥാടനം നാളെയാണ് സമാപിക്കുക.