News
ചരിത്രമുറങ്ങുന്ന ദേവാലയത്തിലേക്ക് വിയറ്റ്നാമീസ് ജനത ഒരുമിച്ചെത്തി
സ്വന്തം ലേഖകന്‍ 23-08-2019 - Friday
ഹോ ചി മിന്‍ സിറ്റി: പതിനേഴാം നൂറ്റാണ്ടിലെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഔര്‍ ലേഡി ഓഫ് ലാവാങ് ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം. വിയറ്റ്‌നാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ഏതാണ്ട് എണ്‍പതിനായിരത്തോളം വിശ്വാസികളാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് ദേവാലയം സന്ദര്‍ശിച്ചത്. വിയറ്റ്നാം ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള അടിച്ചമര്‍ത്തലിന്റേയും, മതപീഡനത്തിന്റേയും മൂക സാക്ഷിയാണ് ക്വാങ്ങ് ട്രി പ്രവിശ്യയിലെ ഹ്യൂ രൂപതയിലുള്ള ലാവാങ് ദേവാലയം. 221 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം ഇന്ന്‍ ക്വാങ്ങ് ട്രിയിലെ ഏറ്റവും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാണ്.
1798-ല്‍ പരിശുദ്ധ ദൈവ മാതാവിന്റെ ആദ്യ പ്രത്യക്ഷീകരണത്തെ തുടന്ന്‍ നിര്‍മ്മിച്ച ലാവാങ് ദേവാലയം 1972-ലെ ആഭ്യന്തരയുദ്ധത്തില്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിരിന്നു. പഴയ ദേവാലയത്തിലെ മണിനിലനില്‍ക്കുന്ന ഭാഗം മാത്രമാണ് ഇന്ന്‍ ശേഷിക്കുന്നത്. പീഡനങ്ങള്‍ക്കിടയിലും പതറാത്ത വിയറ്റ്നാമിലെ കത്തോലിക്കരുടെ ശക്തമായ വിശ്വാസത്തിന്റെ നേര്‍ സാക്ഷ്യമായി മണിമാളിക നിലകൊള്ളുന്നു. 1975-ല്‍ ഈ ദേവാലയത്തിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം തടയുന്നതിനായി വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിച്ചുവെങ്കിലും വിശ്വാസികളുടെ ചെറുത്തുനില്‍പ്പിനൊടുവില്‍ ആ ശ്രമങ്ങളെല്ലാം വിഫലമായി.
മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെ തലേദിവസം നടന്ന ജാഗരണ പ്രാര്‍ത്ഥനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുവിശേഷ ഗായക സംഘങ്ങള്‍ പങ്കെടുത്തു. യൂ രൂപതയുടെ മെത്രാപ്പോലീത്തയും, വിയറ്റ്നാം മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ മോണ്‍. ഗിയൂസ് ഗൂയെന്‍ ചി ലിന്‍ തിരുനാള്‍ ദിനത്തില്‍ നടന്ന പ്രത്യേക ദിവ്യബലിക്ക് നേതൃത്വം നല്‍കി. ‘ജീവിത വഴികളിലൂടെ തളര്‍ന്നു നടക്കുന്നവരും, കഷ്ടപ്പാടുകള്‍ ചുമലില്‍ വഹിക്കുന്നവരും ഈ പ്രഭാത നക്ഷത്രത്തിന്റെ കീഴില്‍ അഭയം പ്രാപിക്കൂ, നിങ്ങളുടെ കഷ്ടതയേറിയ ദിവസങ്ങള്‍ മറക്കുവാന്‍ ഇവിടെ വരൂ!’ എന്ന് വിശുദ്ധ കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ പറഞ്ഞു.
കത്തോലിക്കര്‍ക്ക് പുറമേ ബുദ്ധമത അനുയായികളും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ച് ഈ ദേവാലയം സന്ദര്‍ശിക്കാറുണ്ട്. അടുത്ത വര്‍ഷം ഏതാണ്ട് രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ ദേവാലയം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.