News - 2025

സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ച കൊക്കകോളയെ മുട്ടുകുത്തിച്ച് ഹംഗറി

സ്വന്തം ലേഖകന്‍ 21-08-2019 - Wednesday

ബുഡാപെസ്റ്റ്: ഹംഗറിയില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഗോള സോഫ്റ്റ്‌ ഡ്രിങ്ക് ഭീമനായ കൊക്കകോള പുറത്തിറക്കിയ പരസ്യ പ്രചാരണ പരിപാടി വിശ്വാസികളുടേയും രാഷ്ട്രീയക്കാരുടേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചു. രാജ്യവ്യാപകമായി കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുവാനുള്ള ആഹ്വാനമാണ് ഏറെ വിമര്‍ശനമേറ്റുവാങ്ങിയ തങ്ങളുടെ പരസ്യം പിന്‍വലിക്കുവാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. ‘പ്രണയ വിപ്ലവം’ എന്ന പ്രമേയവുമായി കൊക്കകോള പുറത്തിറക്കിയ #LoveIsLove പ്രചാരണ പോസ്റ്ററുകളാണ് പ്രതിഷേധം കാരണം പിന്‍വലിക്കേണ്ടി വന്നത്.

മഴവില്ല് പശ്ചാത്തലത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷ, സ്ത്രീ ദമ്പതികള്‍ കോക് സീറോ ആസ്വദിക്കുന്ന ചിത്രങ്ങളോട് കൂടി “സീറോ പഞ്ചസാര, സീറോ മുന്‍വിധി” “നോ പഞ്ചസാര, നോ അന്ധവിശ്വാസം” എന്നിങ്ങനെയുള്ള വാക്യങ്ങളോട് കൂടിയ പ്രകോപനപരമായ പോസ്റ്ററുകള്‍ ഈ മാസം ആരംഭം മുതലാണ്‌ ബുഡാപെസ്റ്റിലെ ട്രെയിന്‍ സ്റ്റേഷനുകളിലും, ബസ് സ്റ്റോപ്പുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രകോപനപരമായ ഈ പോസ്റ്ററുകള്‍ എത്രയും പെട്ടെന്ന്‍ നീക്കം ചെയ്യണമെന്നും ഇത്തരം പരസ്യങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധക്കാര്‍ ബുഡാപെസ്റ്റ് മേയര്‍ മുന്‍പാകെ സമര്‍പ്പിച്ച ‘സിറ്റിസണ്‍ഗോ’ നിവേദനത്തില്‍ നാല്‍പ്പത്തിനായിരത്തോളം പേരാണ് ഒപ്പിട്ടിരുന്നത്.

ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ കൂടി അംഗമായ ഫിദെസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ബോള്‍ഡോഗ് ഇസ്ത്വാന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുവാനുള്ള തന്റെ നീക്കത്തില്‍ പങ്കുചേരണമെന്ന് ആഹ്വാനം ചെയ്തിരുന്നു. 13-ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ മി ഹസാന്കും കൊക്കകോള കമ്പനിയുടെ ആസ്ഥാനത്തിന്റെ മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്വവര്‍ഗ്ഗ ദമ്പതികളുടെ സിവില്‍ പങ്കാളിത്തം നിലവില്‍ ഹംഗറി അംഗീകരിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി ഓര്‍ബാനും, ഫിദെസ് പാര്‍ട്ടിയും സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് എതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നവരാണ്.

More Archives >>

Page 1 of 483