News - 2025
സാത്താൻ പ്രതീകാത്മകമായ യാഥാർത്ഥ്യം: ജെസ്യൂട്ട് സുപ്പീരിയർ ജനറൽ
സ്വന്തം ലേഖകന്‍ 22-08-2019 - Thursday
റോം: സാത്താൻ എന്നത് ഒരു വ്യക്തിയല്ലായെന്നും അത് പ്രതീകാത്മകമായ യാഥാർത്ഥ്യമാണെന്നും ആഗോള ഈശോ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസയുടെ പ്രസ്താവന. പിശാച് വ്യത്യസ്ത ഘടനകളിൽ തിന്മയുടെ വ്യക്തിത്വമായി നിലനിൽക്കുന്നുവെന്നും എന്നാൽ അതിനെ ഒരു വ്യക്തിയായി കണക്കാക്കുവാൻ കഴിയില്ലായെന്നും ഇന്നലെ ഇറ്റാലിയൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു.
തിന്മ ചെയ്യുന്നതിനുള്ള മാർഗ്ഗമാണ് അത്. പിശാച് എന്നത് മനുഷ്യന്റെ ജീവിതത്തിലെ തിന്മയുടെ സാന്നിധ്യമാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നന്മയും തിന്മയും തമ്മിൽ നിരന്തരമായ ഒരു യുദ്ധം നടക്കുന്നുണ്ട്. അത് നമ്മൾ തിരിച്ചറിയാറുണ്ട്. പരിപൂർണ്ണ നന്മയായിട്ടാണ് നാം ദൈവത്തെ കാണുന്നത്. എന്നാൽ, തിന്മയെ ഒരു പ്രതീകമായിട്ടാണ് കണക്കാക്കുന്നതും. അതിനാല്‍ തന്നെ സാത്താൻ എന്നത് ഒരു പ്രതീകാത്മക സത്യമായി നിലകൊള്ളുന്നുവെന്ന്‍ ഫാ. അർതുറോ വിശദീകരിച്ചു.
എന്നാല്‍ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 391 ഇപ്രകാരം പഠിപ്പിക്കുന്നു, ദൈവഹിതത്തിനെതിരായി നമ്മുടെ ആദിമാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന്റെ പിന്നില്‍ വഞ്ചനാത്മകവും ദൈവവിരുദ്ധവുമായ ഒരു സ്വരം, അവരെ മരണത്തില്‍ വീഴ്ത്തുന്ന അസൂയാകലുഷമായ ഒരു സ്വരം പതിയിരിക്കുന്നു. വിശുദ്ധ ലിഖിതവും സഭാപാരമ്പര്യവും ഈ സ്വരത്തിന് ഹേതുവായ യാഥാര്‍ത്ഥ്യത്തില്‍ നിപതിച്ച മാലാഖയായി തിരിച്ചറിയുന്നു. 'സാത്താന്‍', 'പിശാച്' എന്നീ പേരുകളില്‍ അവന്‍ അറിയപ്പെടുന്നു. അവ ആദ്യം ദൈവസൃഷ്ടിയായ ഒരു നല്ല മാലാഖയായിരുന്നുവെന്നാണ് സഭാപ്രബോധനം. "പിശാചും മറ്റു ദുര്‍ഭൂതങ്ങളും പ്രകൃത്യാ നല്ലവരായി ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരായിരിന്നു. എങ്കിലും അവര്‍ സ്വയം ദാസരായി തീര്‍ന്നു.