News - 2025
കേന്ദ്രത്തിന്റെ ക്രൂരത: സിസ്റ്റര്‍ എനേദിനയുടെ വിടവാങ്ങലില്‍ വിങ്ങിപ്പൊട്ടി ഒഡീഷന്‍ ജനത
സ്വന്തം ലേഖകന്‍ 23-08-2019 - Friday
ബെര്‍ഹാംപൂര്‍: അരനൂറ്റാണ്ടിലധികം ഭാരതത്തിലെ ദരിദ്രര്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത കന്യാസ്ത്രീയുടെ മടക്കയാത്രയില്‍ വിങ്ങിപ്പൊട്ടി ഒഡീഷന്‍ ജനത. ഡോട്ടര്‍ ഓഫ് ചാരിറ്റി സഭാംഗമായ ഡോ. സി. എനേദിന ഫെസ്റ്റിനയാണ് അന്‍പത്തിമൂന്നു വര്‍ഷം നീണ്ട സേവനത്തിന് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ വിസ പുതുക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു ജന്മനാടായ സ്‌പെയ്‌നിലേക്ക് മടങ്ങിയത്.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു കിടന്ന ജനതക്കിടയില്‍ സ്നേഹത്തിന്റെ പുതിയ അധ്യായം രചിച്ച സിസ്റ്റര്‍ ഏനേദിനയുടെ മടക്കയാത്രക്കുള്ള ഒരുക്കം ഒഡീഷന്‍ ജനതയുടെ തീരാകണ്ണീരായി. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ ഈ വൈകാരികമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ അമ്മയുടെ കാലിലും കൈയിലും ചുംബിച്ചും വാവിട്ടു കരഞ്ഞുമാണ് തദ്ദേശീയരായ ആളുകള്‍ തങ്ങളുടെ ദുഃഖം പ്രകടിപ്പിച്ചത്.
സ്പെയിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ നിന്ന് എംബിബിഎസ് പാസായ സിസ്റ്റര്‍ എനേദിന ഏതാനും നാളുകള്‍ ജന്മനാട്ടില്‍ ശുശ്രൂഷ ചെയ്തതിന് ശേഷം 1969ല്‍ ഒഡീഷയിലെ ബെര്‍ഹാംപൂരിലെത്തുകയായിരുന്നു. തുടര്‍ന്നുള്ള സിസ്റ്ററുടെ ജീവിതം സര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ദരിദ്രര്‍ക്കു വേണ്ടിയായിരുന്നു. ദളിതരും ആദിവാസികളുമായവര്‍ക്കുവേണ്ടി ഡിസ്‌പെന്‍സറികള്‍ ആരംഭിച്ച സിസ്റ്റര്‍ മരുന്നുകളും പരിശോധനയും സൌജന്യമായി ലഭ്യമാക്കി. ദാരിദ്ര്യത്തിന്റെ നൊമ്പരവുമായി വിലപിച്ച ഒഡീഷന്‍ ജനതക്കു അതിജീവനത്തിന്റെ വഴികളൊരുക്കാന്‍ സിസ്റ്റര്‍ വലിയ രീതിയില്‍ തന്നെ ഇടപെടല്‍ നടത്തിയിരിന്നു.
എന്നാല്‍ 53 വര്‍ഷം, തിരസ്ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി രാവും പകലും ഇല്ലാതെ പ്രയത്നിച്ച സിസ്റ്ററുടെ ത്യാഗം വിസ്മരിച്ച കേന്ദ്രം യാതൊരു കാരണവും കൂടാതെ വിസ പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ എണ്‍പത്തിയാറാമത്തെ വയസ്സില്‍ അവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങേണ്ടിവന്നിരിക്കുന്നത്. ഒഡീഷയിലെ ജനങ്ങളുടെ മനസ്സില്‍ സിസ്റ്റര്‍ ചിരജ്ജീവിയായി പ്രശോഭിക്കുമെന്ന് വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫാ. നരേഷ് നായക് പറയുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ വൈദികന്റെ വാക്കുകള്‍ പൂര്‍ണ്ണമായും ശരിവെക്കുകയാണ്.