India - 2025
ലവ് ജിഹാദ്: ദേശീയ സുരക്ഷ ഏജന്‍സി പെണ്‍കുട്ടിയുടെ മൊഴിയെടുത്തതായി സൂചന
23-09-2019 - Monday
കോഴിക്കോട്: ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ച സംഭവത്തില്‍ ദേശീയ സുരക്ഷാ ഏജന്‍സിയും (എന്‍ഐഎ)യും ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യും പെണ്‍കുട്ടിയുടെ മൊഴിയെടുത്തതായി സൂചന. സംസ്ഥാന ആഭ്യന്തര വകുപ്പ് കേസൊതുക്കാനും പ്രതിക്കു രക്ഷപ്പെടാനുള്ള അവസരമൊരുക്കുന്നതായും ആരോപണം നിലനില്‍ക്കെയാണു കേന്ദ്ര ഏജന്‍സികള്‍ സമാന്തര അന്വേഷണം ആരംഭിച്ചത്.
സംസ്ഥാനത്തെ മറ്റു മതപരിവര്‍ത്തന കേസുകളുമായി ഈ കേസിനു ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. അതേസമയം, പ്രതിയെ പിടികൂടാനായി സംസ്ഥാന പോലീസ് യാതൊരു നടപടിയും ഇനിയും സ്വീകരിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടു രണ്ടു മാസമാവാറായിട്ടും കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു പ്രത്യേക അന്വേഷണ സംഘം പോലും രൂപീകരിച്ചിട്ടില്ല. ഇതിനെതിരേ വിവിധ സംഘടനകള്‍ ഇന്നു പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്കു പ്രകടനം നടത്താനാണു തീരുമാനം.
കോഴിക്കോട് നഗരത്തിലെ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെയാണു മതപരിവര്‍ത്തനത്തിനായി ഭീഷണിപ്പെടുത്തിയത്. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിം എന്ന വിദ്യാര്‍ഥിക്കെതിരേ പെണ്‍കുട്ടിയുടെ രക്ഷിതാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായി നടപടി സ്വീകരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ(ഐബി), റോ, എന്നീ ഏജന്‍സികളും പ്രാഥമിക വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇതിന്ന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയത്. അടുത്തിടെ മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലെ ആറ് ക്രിസ്ത്യന്‍ നഴ്സുമാരെ മതം മാറ്റിയതായി വെളിപ്പെടുത്തലുണ്ടായിരിന്നു.