India - 2025
20 രാജ്യങ്ങളിൽ നിന്നു 200 പ്രതിനിധികൾ: ഏഷ്യ-പസിഫിക് പ്രോലൈഫ് കോൺഫറൻസ് കൊടകരയില്‍
19-09-2019 - Thursday
ഇരിങ്ങാലക്കുട: അമേരിക്ക ആസ്ഥാനമായ കത്തോലിക്കാ പ്രോലൈഫ് മുന്നേറ്റം ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ (www.hli.org) ഏഷ്യ-പസിഫിക് കോൺഫറൻസ് ആസ്പാക് 2020 കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് 2020 ജനുവരി 17, 18, 19 തീയതികളിൽ നടക്കും. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റെ മരിയൻ പ്രോലൈഫ് മൂവ്മെന്റാണ് ജീസസ് യൂത്തിന്റെ സഹകരണത്തോടെ ഈ കോൺഫറൻസിന് ആതിഥ്യം വഹിക്കുന്നത്.
2016 ഡിസംബറിൽ നടന്ന 500 പേർ പങ്കെടുത്ത 'ലവീത്ത' നാഷണൽ കോൺഫറൻസിനുശേഷം ഇരിഞ്ഞാലക്കുട രൂപത ആതിഥ്യം വഹിക്കുന്ന ഈ അന്താരാഷ്ട്ര കോൺഫറൻസിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 200 വിദേശ പ്രതിനിധികൾ അടക്കം 1000 ജീവന്റെ ശുശ്രൂഷകർ ആണ് അണിനിരക്കുക. കർദ്ദിനാൾമാരും ബിഷപ്പുമാരും വൈദികരും സന്യസ്തരും ഭാരതത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള അല്‍മായ പ്രതിനിധികളും ഒരുമിച്ചു വരുന്ന ഏറ്റവും വലിയ കോൺഫറൻസായിരിക്കും ഇത്.
മനുഷ്യജീവനെ ഗർഭധാരണനിമിഷം മുതൽ സ്വാഭാവികമരണം വരെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും ശുശ്രൂഷിക്കാനുമുള്ള ഓരോ ക്രൈസ്തവൻെറയും വിളി തിരിച്ചറിഞ്ഞ് ജീവനെതിരായ തിന്മകളെ പ്രതിരോധിക്കാനും ലൈംഗികതയുടെയും വിവാഹത്തിൻെറയും കുടുംബത്തിന്റെയും പരിശുദ്ധി കാത്തു സൂക്ഷിക്കാനും ജീവന്റെ പ്രവാചകരെ വാർത്തെടുക്കുകയാണ് ഈ വിപുലമായ കോൺഫറൻസിൻെറ ലക്ഷ്യം.
ആസ്പാക് 2020 ലോഗോ സെപ്റ്റംബർ 10 ലെ രൂപതാ ദിനാഘോഷത്തിൽ വച്ച് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പ്രോലൈഫ് പ്രവർത്തകരും കൂടുതൽ മക്കളുള്ള ദമ്പതിമാരുമായ ഡോ.ഫിൻേറാ-ഡോ.ആശ, ഡോ.വിമൽ- റീനു, ഡോ.റെജു- ഡോ.സോണിയ, ഡോ.ജോർജ് ലിയോൺസ്- അനി എന്നിവർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. രൂപത ചാൻസലർ റവ.ഡോ.നെവിൻ ആട്ടോക്കാരൻ, ഫാമിലി അപ്പസ്റ്റോലേറ്റ് ഡയറക്ടർ റവ.ഡോ.ജോസ് ഇരിമ്പൻ, മരിയൻ പ്രോലൈഫ് മൂവ്മെൻറ് രൂപതാ പ്രസിഡൻറും കെ.സി.ബി.സി പ്രോലൈഫ് സമിതി തൃശൂർ മേഖല പ്രസിഡൻറുമായ ജോളി ജോസഫ്, ബിനു കാളിയാടൻ എന്നിവർ നേതൃത്വം നൽകി. കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്.