India - 2025
'ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിക്കുന്നത് അപലപനീയം'
18-09-2019 - Wednesday
കൊച്ചി: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വികലമായി ചിത്രീകരിക്കുന്ന പത്രമാധ്യമങ്ങളുടെയും ചാനലുകളുടെയും ദുഷ് പ്രചാരണം അപലപനീയമെന്നു പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്), കേരള കാത്തലിക് കൗണ്‍സില്‍ (കെസിസി), കെസിഎംഎസ് സംഘടനകളുടെ സംസ്ഥാന തല യോഗം അപലപിച്ചു. നാടും വീടും ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതസാഹചര്യങ്ങളിലേക്കു സാന്ത്വനമായി ഇറങ്ങിച്ചെല്ലുകയും വിവിധ മേഖലകളില്‍ ശക്തമായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു സമൂഹത്തോടുള്ള കടമകള്‍ നിറവേറ്റുകയും ചെയ്യുന്ന ക്രൈസ്തവ സന്യസ്തരെ പൊതുസമൂഹത്തില്‍ വ്യാജ പ്രചാരണങ്ങളിലൂടെ അവഹേളിക്കരുതെന്ന്‍ യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും ഏകപക്ഷീയമായും വികലമായും ചിത്രീകരിച്ച് അവഹേളിക്കുന്ന പത്രമാധ്യമങ്ങളെയും ചാനലുകളെയും ക്രൈസ്തവ സ്ഥാപനങ്ങളില്‍നിന്നും വിദ്യാലയങ്ങളില്‍നിന്നും കുടുംബങ്ങളില്‍നിന്നും ബഹിഷ്‌കരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. ഇപ്രകാരമുള്ള പത്രമാധ്യമങ്ങളെയും ചാനലുകളെയും ബഹിഷ്‌കരിക്കാന്‍ െ്രെകസ്തവ സ്ഥാപനങ്ങളോടും വിശ്വാസികളോടും ആഹ്വാനം ചെയ്യണമെന്നു കേരള മെത്രാന്‍ സമിതിയോടു യോഗം ആവശ്യപ്പെട്ടു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍, പി.കെ. ജോസഫ്, അഡ്വ. ജോജി ചിറയില്‍, അഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, രാജു എരിശേരില്‍, പ്രഷീല ബാബു, മേരി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.