News - 2025

ഭാരതത്തിലെ മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെ അപലപിച്ച് അമേരിക്കയില്‍ യോഗം

സ്വന്തം ലേഖകന്‍ 22-10-2019 - Tuesday

ഒഹിയോ: ഭാരതത്തിലെ ക്രൈസ്തവര്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെ അപലപിച്ച് നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ്- നാഷ്ണൽ സിഖ് കൗൺസിൽ നേതാക്കളുടെ ആദ്യ സംയുക്ത യോഗം. വംശീയത, ന്യൂനപക്ഷ പ്രീണനം, മത വിവേചനം എന്നിവയ്ക്കെതിരായ പോരാട്ടത്തിന് പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായി സിഖ് വിശ്വാസി സമൂഹം ക്രിസ്ത്യൻ സഭകളുമായി ഇടപെഴകുന്നത് ഇതാദ്യമാണ്. ഇരുവിഭാഗവും ന്യൂനപക്ഷ പീഡന പരമ്പരകളിൽ ശക്തമായ ആശങ്ക പങ്കിടുകയും ഇതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കുചേരാൻ മറ്റു മതസ്ഥരെ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിലവിലെ അവസ്ഥയെ വിവരിച്ചു കൊണ്ട് ഫാ. ജോസഫ് വർഗീസ്, തെക്ക് കിഴക്കൻ ഏഷ്യയിലെ മതപരമായ പീഡനം എന്ന പ്രബന്ധം അവതരിപ്പിച്ചു. ഹിമാചൽ പ്രദേശ് അടുത്തിടെ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമം. അസമിൽ എൻസിപി നടപ്പാക്കൽ, വിവിധ ബിജെപി ആധിപത്യമുള്ള സംസ്ഥാനങ്ങളിൽ ഹിന്ദുലിഞ്ച് ജനക്കൂട്ടം നടത്തിയ ആക്രമണം പരിശോധനയ്ക്കും അവലോകനത്തിനും വിധേയമായിരുന്നു.ഓക്സ്ഫഡ് സർവകലാശാലയിലെ പ്രൊഫസർ ഡോ. സത്പാൽ സിംഗ് സിഖ് മതത്തെക്കുറിച്ചും ഭൂരിപക്ഷ മതങ്ങളുടെ കൈകളിൽ നിന്നും സിഖുകാർ അനുഭവിക്കുന്ന മതപരമായ പീഡനത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു.

സംഭാഷണത്തിന്റെ അന്തിമ കരട് എൻസിസി, എൻഎസ്‍സി എന്നിവയുടെ പ്രതിനിധികൾ ഭാവി ചർച്ചകൾക്കായുള്ള ഒരു പ്രബന്ധമായി അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ പ്രൊഫസർ, ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ, അമേരിക്കയിലെ റീലിജിയൻസ് ഫോർ പീസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് അംഗം, യുഎസ് കൺ‍സൾട്ടേഷൻ ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് കാത്തലിക് ചർച്ചുകളുടെ പ്രതിനിധി, ഓറിയന്റൽ ഓർത്തഡോക്സ് സഭ സ്റ്റാൻഡിംഗ് കോൺഫറൻസ് അംഗം എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ വൈദികനാണ് ഫാ. ജോസഫ് വർഗീസ്.

അമേരിക്കൻ ഐക്യനാടുകളിലെ 36 പ്രധാന സഭകളെ പ്രതിനിധീകരിക്കുന്ന നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചും എല്ലാ സിഖ് ബോഡികളുടെയും സംയുക്ത സംഘടനയായ നാഷ്ണൽ സിഖ് കൗൺസിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയ ചർച്ചകളുടെ ഫലമായാണ് കൂടിക്കാഴ്ച നടന്നത്.

More Archives >>

Page 1 of 499