News - 2025

വിശുദ്ധ ജോൺ പോൾ രണ്ടാമനിലൂടെ ലഭിച്ച നന്മകള്‍ക്ക് ദൈവത്തിന് നന്ദി പറയാം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 23-10-2019 - Wednesday

വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ വിശുദ്ധ ജോൺ പോൾ രണ്ടാമനിലൂടെ ലഭിച്ച നന്മകളെ പ്രതി ദൈവത്തിന് നന്ദി പറയാമെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റ്. വിശുദ്ധന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്‍റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പുണ്യങ്ങളിലൂടെയും ജോൺപോൾ രണ്ടാമൻ ഈ ലോകത്തിലും, ജനഹൃദയങ്ങളിലും തീർത്ത എല്ലാ നന്മകൾക്കും കർത്താവിനു നമുക്ക് നന്ദി പറയാം. ‘ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ’ എന്ന അദ്ദേഹത്തിന്‍റെ ആഹ്വാനത്തെ എപ്പോഴും നമുക്ക് അനുസ്മരിക്കാം- എന്നാണ് പാപ്പയുടെ ട്വീറ്റ്.

#SaintOfTheDay എന്ന ഹാഷ് ടാഗോടു കൂടിയാണ് പാപ്പയുടെ ട്വീറ്റ്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍ തുടങ്ങീ 8 ഭാഷകളില്‍ പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. 2001 ഫെബ്രുവരിയിൽ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് ബെർഗോളിയോയെ (ഫ്രാന്‍സിസ് പാപ്പ) കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. വിശുദ്ധ റോബർട്ടോ ബെല്ലാർമിനോ പള്ളിയുടെ നേതൃസ്ഥാനവും അദ്ദേഹത്തിനു കൈമാറിയിരിന്നു. 2001 ഒക്ടോബര്‍ 14നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ നിന്നു കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ച ഫ്രാന്‍സിസ് പാപ്പയുടെ ചിത്രമാണ് മുകളിലുള്ളത്.

More Archives >>

Page 1 of 500