News
ചൈനയുടെ കുരിശ് തകര്‍ക്കലിന്റെ മേല്‍നോട്ടക്കാരന്‍ ഹോങ്കോങ്ങിന്റെ പുതിയ തലവന്‍
സ്വന്തം ലേഖകന്‍ 17-02-2020 - Monday
ബെയ്ജിംഗ്: ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ സേജിയാങ്ങിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ആയിരകണക്കിന് കുരിശുകള്‍ തകര്‍ത്തതിലൂടെ കുപ്രസിദ്ധി നേടിയ കടുത്ത ക്രൈസ്തവ വിരുദ്ധനായ സിയാ ബാവോലോങ് ഹോങ്കോങ്ങിലെ ചൈനയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ തലവനായി നിയമിതനായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അടുത്ത വിശ്വസ്തനായ സിയാ, ഴാങ് സിയാവോമിങ്ങിന് പകരമായിട്ടാണ് ഹോങ്കോങ്ങ് മക്കാവു അഫയേഴ്സ് ഓഫീസ് (HKMAO) ഡയറക്ടറായി നിയമിതനായിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ഉദ്യോഗസ്ഥ തലപ്പത്ത് നടത്തിയ അഴിച്ചു പണിയുടെ ഭാഗമായിട്ടാണ് സിയായുടെ നിയമനമെന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും, അര്‍ദ്ധ സ്വയംഭരണാവകാശമുള്ള ഹോങ്കോങ്ങിന്റെ മേലുള്ള ചൈനയുടെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ സൂചനയായിട്ടാണ് ഈ നിയമനത്തെ വിദഗ്ദര്‍ നോക്കികാണുന്നത്.
2003-2007 കാലയളവില്‍ സേജിയാങ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരിക്കെ ഷി ജിന്‍പിങ്ങിന്റെ ഡെപ്യൂട്ടിയായി സിയാ സേവനം ചെയ്തിട്ടുണ്ട്. ദേവാലയങ്ങളിലെ കുരിശുകള്‍ തകര്‍ത്തതിന്റെ പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. 2015-ല്‍ സേജിയാങ് പ്രവിശ്യയില്‍ മതസ്വാതന്ത്ര്യത്തിനെതിരെ നടന്ന നടപടികള്‍ക്ക് സിയാ നേരിട്ട് മേല്‍നോട്ടം വഹിക്കുകയായിരുന്നു. നിരവധി ദേവാലയങ്ങളുടെ മുകളിലെ കുരിശുകള്‍ക്ക് പുറമേ നിരവധി ആരാധനാലയങ്ങളും സിയായുടെ മേല്‍നോട്ടത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. 2018-ലാണ് ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനും, സെക്രട്ടി ജെനറലുമായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. ഹോങ്കോങ്ങില്‍ നടന്ന മാസങ്ങളോളം നീണ്ട ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിലവിലെ ഡയറക്ടര്‍ ഴാങ് സിയാവോയ്ക്കു തന്റെ പദവി നഷ്ടപ്പെടുന്നതിന് കാരണമായത്.
സിയായുടെ നിയമനം ഹോങ്കോങ്ങിനെ സംബന്ധിച്ചിടത്തോളം മോശം വാര്‍ത്തയാണെന്നു ചൈനീസ് യൂണിവേഴ്സിറ്റി പ്രൊഫസറായ വില്ലി ലാം പ്രതികരിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാനാണ് ഇതിലൂടെ ചൈന ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോങ്കോങ്ങിന്റെ മേലുള്ള തങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് കഴിഞ്ഞ നവംബറില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തില്‍ ചൈന വ്യക്തമാക്കിയിയിരിന്നു. സേജിയാങ് പ്രവിശ്യയിലായിരുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തിന്റെ നേര്‍ക്ക് നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികളുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം പലര്‍ക്കും സിയായോട് വിയോജിപ്പുണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക