News - 2025
കൊറോണ: ചൈനയ്ക്ക് 3.7 മില്യണ്‍ ഡോളറിന്റെ സഹായവുമായി ക്രിസ്ത്യന്‍ സംഘടന
സ്വന്തം ലേഖകന്‍ 18-02-2020 - Tuesday
ബെയ്ജിംഗ്: ആയിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ചൈനീസ് ജനതക്ക് സഹായഹസ്തവുമായി അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍. ചൈനയിലെ പത്തു പ്രവിശ്യകളിലായി രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള ഉപകരണങ്ങളും, ഫേസ്മാസ്ക്, തെര്‍മോമീറ്റര്‍, അണുനാശിനികള്‍, സോപ്പ് തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു വരികയാണ് സംഘടന. ഇതിനോടകം തന്നെ 37 ലക്ഷം ഡോളറാണ് ഇതിനായി വേള്‍ഡ് വിഷന്‍ ചിലവഴിച്ചത്. ഏതാണ്ട് നാല് ലക്ഷത്തോളം ജനങ്ങള്‍ക്ക് വേള്‍ഡ് വിഷന്റെ സഹായം ലഭിച്ചു കഴിഞ്ഞു. ദുരന്തമുഖങ്ങളിലും പാവപ്പെട്ടവര്‍ക്കിടയിലും സേവനവുമായി എത്തുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ ചൈനീസ് ഘടകം രാജ്യത്തു ഏറ്റവും കൂടുതല്‍ സഹായമെത്തിക്കുന്ന സംഘടനയാണ്.
വൈറസ് ബാധക്ക് സാധ്യതയുള്ള ഏതാണ്ട് 55,000 കുട്ടികളേയും, 300 പ്രവര്‍ത്തകരേയും വേള്‍ഡ് വിഷന്‍ സ്പോണ്‍സര്‍ ചെയ്യുന്നുമുണ്ട്. ഹോസ്പിറ്റല്‍ നിലവാരമുള്ള 50,000-ത്തോളം മുഖംമൂടികളാണ് വേള്‍ഡ് വിഷന്‍ വിതരണം ചെയ്തത്. കൂടാതെ പ്രാദേശിക പങ്കാളികളുടെ സഹായത്തോടെ വൈറസ് ബാധക്ക് സാധ്യതയുള്ള മേഖലകളില്‍ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണവും സംഘടന നടത്തിവരുന്നു. വിവിധ പ്രവിശ്യകളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സിനു ആവശ്യമായ ഗൗണ്‍, കയ്യുറ, കണ്ണട, ശ്വസന സഹായി തുടങ്ങിയവയും സംഘടന സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. വികലാംഗരേയും, അനാഥരേയും സംരക്ഷിക്കുന്ന സ്ഥാപനങ്ങളേയും വേള്‍ഡ് വിഷന്‍ സഹായിക്കുന്നുണ്ട്.
സംഘടന സ്പോണ്‍സര്‍ ചെയ്യുന്നതിലെ 39,000 കുട്ടികളും വൈറസ് ബാധക്ക് കൂടുതല്‍ സാധ്യതകളുള്ള മേഖലകളിലാണ് താമസിക്കുന്നതെങ്കിലും അവരില്‍ ആര്‍ക്കും ഇതുവരെ ബാധയേറ്റിട്ടില്ലെന്ന് വേള്‍ഡ് വിഷന്റെ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് എമര്‍ജന്‍സി അഫയേഴ്സ് പ്രോഗ്രാം മാനേജറായ എറിക്ക വാന്‍ ഡെറന്‍ അറിയിച്ചു. 1665 പേര്‍ കൊറോണ ബാധിച്ച് മരിച്ചതായാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാദ്യമായല്ല ഇത്തരം സാഹചര്യങ്ങളില്‍ വേള്‍ഡ് വിഷന്‍ സഹായവുമായി എത്തുന്നത്. സിക്ക, എബോള, H1N1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നപ്പോഴും വേള്‍ഡ് വിഷന്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളം പ്രളയക്കെടുതി നേരിട്ടപ്പോഴും വേള്‍ഡ് വിഷന്‍ ഇന്ത്യ സഹായവുമായി എത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക