News - 2025

വംശീയത അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ട്: കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍

പ്രവാചക ശബ്ദം 05-06-2020 - Friday

റോം: വംശീയത അമേരിക്കയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും നിലനില്‍ക്കുന്ന ആഗോള വിഷയമാണെന്ന് സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍. ഇന്നലെ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കറുത്തവര്‍ഗ്ഗക്കാരനും ആഫ്രിക്കയിലെ ഘാന സ്വദേശിയുമായ കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ദൈവം നല്കിയ വൈവിധ്യങ്ങള്‍ തനിമയാര്‍ന്നതും നല്ലതും പരസ്പരം അംഗീകരിക്കേണ്ടതുമാണ്. പകരം അവയില്‍ ചിലരെ നിഷേധാത്മകമായി വിവേചിക്കുന്നതാണ് വംശീയതയെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വിശേഷിപ്പിച്ചു.

മതവിവേചനത്തിനും പീഡനങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുന്ന രാഷ്ട്രങ്ങളും ഇന്നു ലോകത്തുണ്ട്. അതിനാല്‍ ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന വ്യക്തിയുടെ മരണത്തെപ്രതിയുള്ള പ്രതിഷേധം വിപ്ലവകരമായി ദീര്‍ഘിപ്പിക്കാതെ സംവാദത്തിന്‍റെയും സമാധാനത്തിന്‍റെയും വഴികളിലൂടെ നീതിക്കും അവകാശങ്ങള്‍ക്കുമായി പരിശ്രമിക്കണം. മനുഷ്യന്‍റെ അന്തസ്സ് ദൈവത്തില്‍നിന്നു വരുന്നതാണ്. നാം അവിടുത്തെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ സകല മനുഷ്യരും തുല്യ അന്തസ്സും അവകാശങ്ങളും ഉള്ളവരാണ്. ഈ ദൈവീകാന്തസ്സും അവകാശവും നിലനിര്‍ത്തുകയെന്നതാണ് നമ്മുടെ കടമ. മൗലികമായ മനുഷ്യാന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് ആശങ്കയ്ക്കു കാരണമാകുന്നത്. അമേരിക്കന്‍ നഗരങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു കാരണവും ഇതുതന്നെയാണെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ ചൂണ്ടിക്കാട്ടി.

ലോകത്ത് ദൈവം സൃഷ്ടിച്ച എല്ലാവരും ഒരേ നിറക്കാരല്ല, എല്ലാ പൂക്കള്‍ക്കും ഒരേ നിറമല്ലല്ലോ. എന്നാല്‍ എല്ലാ നിറങ്ങളും നല്ലതാണ്. അവയില്‍ ചെറുതും വലുതുമുണ്ട്. എന്നാല്‍ ചില നിറങ്ങളെ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായി വിവേചിക്കുന്നത് മനുഷ്യരാണ്. ഇഷ്ടക്കുറവ് അസഹിഷ്ണുതയായി പ്രകടമാക്കുന്നതാണ് വംശീയത. അത് അനീതിയാണ്. ഒരാളെ കൊല്ലുന്നത് മനുഷ്യാന്തസ്സിന് ഇണങ്ങിയ പ്രവൃത്തിയല്ല. അത് മാനവ കുടുംബത്തിനുതന്നെ ചേര്‍ന്നതല്ല. അമേരിക്കയില്‍ പൊട്ടിപ്പുറപ്പെടുന്ന അക്രമാസക്തമാകുന്ന പ്രതിഷേധത്തില്‍നിന്നു ജനങ്ങളെ പിന്‍തിരിഞ്ഞു കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി സമാധാനപരമായി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 555