News - 2025
കോവിഡ് മറയാക്കിയുള്ള അബോര്‍ഷന്‍ പ്രചരണത്തിനെതിരെ 434 മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്
പ്രവാചക ശബ്ദം 05-06-2020 - Friday
ക്വിറ്റോ: വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ പരിപാലനമെന്ന പേരിന്റെ മറവില്‍ അബോര്‍ഷന്‍ അനുകൂല പ്രചാരണങ്ങള്‍ നടത്തുവാനുള്ള വന്‍കിട സ്ഥാപനങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളില്‍ നിന്നുള്ള 434 മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത വിജ്ഞാപനം. കൊറോണ പ്രതിസന്ധിക്കിടയിലും 'ആരോഗ്യ പരിപാലനം’ എന്ന പേരില്‍ ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുവാനുള്ള ഐക്യരാഷ്ട്ര സഭയുടേയും മറ്റ് ഗര്‍ഭഛിദ്ര അനുകൂല സംഘടനകളുടേയും ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് ദി ഇന്റര്‍നാഷ്ണല്‍ മാനിഫെസ്റ്റോ ഫോര്‍ ദി റൈറ്റ്സ് റ്റു ലൈഫ് (ജീവിക്കുവാനുള്ള അവകാശത്തിന് വേണ്ടിയുള്ള അന്താരാഷ്ട്ര വിജ്ഞാപനം) എന്ന സംയുക്ത പ്രഖ്യാപനം. കോസ്റ്ററിക്ക, അര്‍ജന്റീന, പെറു, ഇക്വഡോര്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങള്‍ക്ക് ഈ ആഴ്ച സംയുക്ത വിജ്ഞാപനം കൈമാറും. ഇക്വഡോറിനു വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കോവിഡ് 19 മാനുഷിക പ്രതികരണ പദ്ധതി’ക്ക് വേണ്ടി ‘സുരക്ഷിതവും, നിയമപരവുമായ ഗർഭഛിദ്രം അനുവദിക്കണം’ എന്ന വ്യവ്യസ്ഥയേയും, കോവിഡ് പ്രതിസന്ധിയില്‍ ലൈംഗീകവും, പ്രത്യുല്‍പ്പാദനപരവുമായ അവകാശങ്ങളെ സംരക്ഷിക്കുവാന്‍ 69 രാഷ്ട്രങ്ങള്‍ അംഗീകരിച്ച സംയുക്ത പ്രഖ്യാപനത്തേയും നിശിതമായ ഭാഷയിലാണ് ‘ദി ഇന്റര്‍നാഷ്ണല്‍ മാനിഫെസ്റ്റോ ഫോര്‍ ദി റൈറ്റ്സ് റ്റു ലൈഫ്’ അപലപിച്ചിരിക്കുന്നത്. “സാഹചര്യം മുതലെടുത്തുകൊണ്ട് ഭരണഘടന വിലക്കിയിട്ടുള്ള ഒരു കുറ്റകൃത്യത്തെ പിന്‍വാതിലിലൂടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കുവാനാവില്ലായെന്നും ‘ഇക്വഡോര്‍ ഫോര്‍ ദി ഫാമിലി’ക്കു വേണ്ടി മാര്‍ത്ത വില്ലാഫുയര്‍ട്ടെ പ്രതികരിച്ചു. ഇതിനു പകരം രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പൊതുനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭയും ചില അന്താരാഷ്ട്ര സംഘടനകളും ഗർഭഛിദ്രം പ്രചരിപ്പിക്കുന്നതിന് പുറമേ അബോര്‍ഷന്‍ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന അമേരിക്ക പോലെയുള്ള രാഷ്ട്രങ്ങള്‍ക്കെതിരെ തിരിഞ്ഞതും മനുഷ്യാവകാശ സംഘടനകള്‍ക്ക് ഇത്തരമൊരു സംയുക്ത വിജ്ഞാപനം പുറത്തുവിടാന്‍ പ്രേരണയായിട്ടുണ്ട്.