India

മാര്‍ ജോര്‍ജ് ഞരളക്കാട്ട് ദുരിതമനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാചകശബ്ദം 31-10-2021 - Sunday

തലശേരി: ഒരേസമയം ആത്മീയവും ഭൗതികവുമായ മേഖലകളില്‍ നേതൃത്വം നല്‍കുകയും കര്‍ഷകരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാതൃകാ വ്യക്തിത്വമാണ് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം തലശേരി സാന്ജോജസ് മെട്രോപോളിറ്റിന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ ഞറളക്കാട്ടിന്റെയും ക്രൈസ്തവ സഭയുടെയും ലക്ഷ്യം കര്‍ഷകരുടെ ഉന്നമനമാണ്. സര്‍ക്കാരിന്റെയും ലക്ഷ്യം ഇതാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാന്‍ ഞരളക്കാട്ട് പിതാവ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് കര്‍ഷകരുടെ വരുമാനത്തില്‍ 50 ശതമാനം വര്‍ധനവ് വരുത്തുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്ന കാലയളവാണിത്. ഒരുവശത്ത് അവരെ നിയമപരമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. കുടിയേറ്റകര്‍ഷകരെ പരിസ്ഥിതിവിരോധികളായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. കപട പരിസ്ഥിവാദം ഉയര്‍ത്തുന്ന ഇത്തരം ഭീഷണികള്‍ നാം ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിഷ്കപടനായ ഒരു യഥാര്‍ഥ ക്രിസ്തു ശിഷ്യനാണ് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കര്‍ത്താവ് ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചിരുന്നത് കാപട്യത്തെയാണ്. കപടത മുഖമുദ്രയാക്കിയ ഫരിസേയരോട് യേശു പറഞ്ഞത് കപടനാട്യക്കാരെ നിങ്ങള്‍ക്കു ദുരിതമെന്നാണ്. യാതൊരു കപടതയുമില്ലാതെ, നിലപാടുകളോടെ സഭാസേവനം നടത്തുന്ന പിതാവാണ് മാര്‍ ഞരളക്കാട്ട്. സിബിസിഐ വൈസ് പ്രസിഡന്റ് എന്നനിലയില്‍ ഉള്‍പ്പെടെ സഭാനേതൃത്വത്തിലും മികവുറ്റ സാന്നിധ്യമായ അദ്ദേഹം അജപാലകര്‍ക്ക് ഉത്തമ മാതൃകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ജൂബിലി സ്മാരക എയ്ഞ്ചല്‍ ഡയാലിസിസ് സഹായപദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക അഞ്ഞൂറാമത് ഭവനത്തിന്റെ താക്കോല്‍ദാനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും ജൂബിലി സ്മാരക സൗജന്യ കണ്ണട വിതരണ പദ്ധതി ഉദ്ഘാടനം ആര്‍ച്ച്ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റവും ജൂബിലി സ്മരണിക പ്രകാശനം കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും നിര്‍വഹിച്ചു.

മുഖ്യാതിഥികളായി പി.ജെ. ജോസഫ് എംഎല്‍എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, എംപിമാരായ കെ. മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന്‍, എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, തലശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനറാണി, എംഎസ്എംഐ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതവും വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം നന്ദിയും പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 424