News - 2025

വിദ്യാഭ്യാസ രംഗത്ത് കത്തോലിക്ക സഭ നല്‍കുന്ന പിന്തുണയെ ഏറെ വിലമതിക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

സ്വന്തം ലേഖകന്‍ 04-03-2017 - Saturday

ഫ്‌ളോറിഡ: വിദ്യാഭ്യാസരംഗത്ത് കത്തോലിക്ക സഭ നല്‍കുന്ന പിന്‍തുണയെ ഏറെ വിലമതിക്കുന്നുവെന്ന് യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഒര്‍ലാന്‍ഡോ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളോറിഡയിലുള്ള സെന്റ് ആന്‍ഡ്രൂ കത്തോലിക്ക സ്‌കൂള്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരിന്നു അദ്ദേഹം. സ്‌കൂള്‍ ചോയിസ് പ്രോഗ്രാമിനെ പിന്‍തുണയ്ക്കുന്ന കത്തോലിക്ക സഭയുടെ നിലപാടിനെ താന്‍ അതിയായി പ്രശംസിക്കുന്നുവെന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.

"സെന്റ് ആന്‍ഡ്രൂ കത്തോലിക്ക സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണ്. നമ്മുടെ രാജ്യത്തെ പാവങ്ങളും, സാധാരണക്കാരുമായ നിരവധി കുട്ടികള്‍ക്ക് ഏറെ ഗുണകരമായി തീരുവാന്‍ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഇവരുടെ ഉന്നമനത്തിനായി സ്‌കൂള്‍ നല്‍കിയ സംഭാവനയെ ഈ സമയം ഓര്‍ക്കുന്നു. ഇവിടെയുള്ള അധ്യാപകര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന സ്‌നേഹം ഏറെ മനോഹരമാണ്". ട്രംപ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ആത്മീയമായും, മാനസികമായും കുട്ടികളെ വളര്‍ത്തുന്ന സഭയുടെ പാഠ്യപദ്ധതി അവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. എട്ടാം ഗ്രേഡില്‍ പഠിക്കുന്ന കുട്ടികളുടെ ക്ലാസുകളിലേക്ക് കടന്നു ചെന്ന ട്രംപ് കുട്ടികളോട് സംസാരിക്കുവാന്‍ പ്രത്യേകം സമയം കണ്ടെത്തി. ഭാവിയില്‍ തനിക്ക് ബിസിനസുകാരിയാകുവാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞ പെണ്‍കുട്ടിയോട്, "പണം സമ്പാദിക്കുക, രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട" എന്ന തമാശ നിറഞ്ഞ ഉപദേശവും ട്രംപ് നല്‍കി.

ഒര്‍ലാന്‍ഡോ ബിഷപ്പ് ജോണ്‍ നൂനന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബെഡ്‌സി ഡേവൂസ്, യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോ തുടങ്ങി നിരവധി പ്രമുഖര്‍ ട്രംപിന്റെ സന്ദര്‍ശന ചടങ്ങിന്റെ ഭാഗമായിരുന്നു. പ്രസിഡന്റ് ട്രംപിനു വേണ്ടിയും അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടിയും ബിഷപ്പ് ജോണ്‍ നൂനന്‍ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ബിഷപ്പ് ജോണ്‍ നൂനന്റെ പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം നന്ദി പറയുന്നുവെന്ന് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.

More Archives >>

Page 1 of 147