News - 2025
ക്രൈസ്തവ മൂല്യങ്ങൾ നഷ്ട്ടപ്പെട്ടാൽ യൂറോപ്പിന്റെ ഗതി തന്നെ മാറിയേക്കാം: മുന്നറിയിപ്പുമായി കത്തോലിക്ക-ഓര്‍ത്തഡോക്‌സ് ഫോറം
സ്വന്തം ലേഖകന്‍ 04-03-2017 - Saturday
പാരീസ്: യൂറോപ്പിലെ ജനത ക്രൈസ്തവ മൂല്യങ്ങളിലേക്ക് തിരികെ പോകണമെന്ന ആഹ്വാനവുമായി കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭാ നേതാക്കൾ. അഞ്ചാമത് യൂറോപ്യന്‍ കത്തോലിക്ക-ഓര്‍ത്തഡോക്‌സ് ഫോറത്തിന്റെ ഭാഗമായിട്ടാണ് ക്രൈസ്തവ നേതാക്കന്മാർ സംയുക്ത പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനു നേരെ യൂറോപ്പിൽ ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും ഫോറത്തിന്റെ പ്രസ്താവനയിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
"നമ്മുടെ സമൂഹം ക്രൈസ്തവ മൂല്യങ്ങളുടെ ആഴത്തിലേക്ക് വേരൂന്നേണ്ട കാലഘട്ടമാണിത്. ശോഭനമായ ഒരു ഭാവിക്ക് ക്രിസ്തുവിന്റെ ദര്‍ശനവും, ക്രൈസ്തവരുടെ പ്രവര്‍ത്തനവും ഏറെ വിലപ്പെട്ടതാണ്. ഇത് മനസിലാക്കി ക്രൈസ്തവര്‍ മുന്നേറണം. നിരവധി വെല്ലുവിളികളാണ് യൂറോപ്പില്‍ നാം അനുദിനം നേരിടുന്നത്. ഉയർന്നുവരുന്ന തീവ്രവാദവും, മതേതരത്വത്തിന്റെ പേരില്‍ മതസ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണികളും നമുക്ക് കണ്ടില്ലെന്നു നടിക്കുവാന്‍ കഴിയുകയില്ല".
"ഈ കാലഘട്ടത്തില്‍ യൂറോപ്പ് കൂടുതല്‍ ക്രൈസ്തവ വിശ്വാസത്തിലേക്കും മൂല്യങ്ങളിലേക്കും ശ്രദ്ധതിരിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവ ദര്‍ശനം മറ്റുള്ളവരുടെ അവകാശങ്ങളെ ദോഷകരമായി ബാധിക്കുന്നതോ, ഹനിക്കുന്നതോ അല്ല. സഹകരണത്തിലും, സൗഹൃദത്തിലുമാണ് ക്രൈസ്തവര്‍ എക്കാലവും മുന്നോട്ട് നീങ്ങിയിട്ടുള്ളത്. യൂറോപ്പിന്റെ ഈ കാലഘട്ടത്തിലെ ആവശ്യം ഈ മൂല്യങ്ങളാണെന്ന കാര്യം നാം തിരിച്ചറിയണം". ഫോറത്തിന്റെ പ്രസ്താവന ചൂണ്ടികാണിക്കുന്നു.
മതേതരത്വവും, തീവ്രവാദ ആശയങ്ങളും യുവാക്കളെ സ്വാധീനിക്കുന്നതിലുള്ള ആശങ്കയും ഫോറം പങ്കുവയ്ക്കുന്നുണ്ട്. യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്നവരെ മടി കൂടാതെ സ്വാഗതം ചെയ്യണമെന്നും, അതാണ് ക്രൈസ്തവ ധര്‍മ്മമെന്നും ഫോറം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എല്ലാ മനുഷ്യരേയും ആകര്‍ഷിച്ചിട്ടുള്ള വ്യക്തിത്വമാണ് യേശുക്രിസ്തുവിന്റെതെന്നും, അതിനാല്‍ തന്നെ കടന്നുവരുന്ന വിവിധ തരം ആളുകള്‍ സമീപ ഭാവിയില്‍ തന്നെ സത്യദൈവത്തില്‍ വിശ്വസിക്കുന്നവരുടെ കുടകീഴില്‍ അണിചേരുമെന്നും ഫോറം വിലയിരുത്തി.
കത്തോലിക്ക സഭയില്‍ നിന്നുള്ള 12 ബിഷപ്പുമാരും, ഓര്‍ത്തഡോക്‌സ് സഭകളിലെ 12 പ്രതിനിധികളുമാണ് യൂറോപ്യന്‍ കത്തോലിക്ക - ഓര്‍ത്തഡോക്‌സ് ഫോറത്തില്‍ പങ്കെടുത്തത്. മാനുഷീക മൂല്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി മുന്നോട്ടു ജീവിക്കണമെന്ന സന്ദേശമാണ് യോഗം യൂറോപ്പിലെ ക്രൈസ്തവരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.