News - 2025
മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കം
സ്വന്തം ലേഖകന്‍ 05-03-2017 - Sunday
കാലടി: മഹാഇടവകയിലെ വിശ്വാസികൾ ഇന്നു മലകയറുന്നതോടെ മലയാറ്റൂര്‍ തീർഥാടനത്തിന് ഔദ്യോഗികമായി തുടക്കമാകും. ഇന്നു രാവിലെ ഏഴിനു അടിവാരത്തിലെ മാർത്തോമാശ്ലീഹായുടെ കപ്പേളയിൽ ഒത്തുചേർന്നു നടത്തുന്ന പ്രാരംഭ പ്രാർഥനയ്ക്കു ശേഷമാണ് ഇടവക വിശ്വാസികൾ മലകയറുക. തുടര്‍ന്നു കുരിശുമുടിയിലെ മാർത്തോമാ മണ്ഡപത്തിൽ മാർത്തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠ നടത്തും.
മലകയറ്റത്തിന് ശേഷം കുരിശുമുടിയിൽ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ നടക്കും. കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട്, മലയാറ്റൂർ മഹാ ഇടവകയിലെ മലയാറ്റൂർ സെന്റ് തോമസ് പളളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത്, വിമലഗിരി മേരി അമലോത്ഭവമാതാ പളളി വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, സെബിയൂർ സെന്റ് സെബാസ്റ്റ്യൻസ് പളളി വികാരി ഫാ. ബിനീഷ് പൂണോളിൽ, ഇല്ലിത്തോട് തിരുഹൃദയ പളളി വികാരി ഫാ. സിജോ കിരിയാന്തൻ എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും. തിരുക്കർമങ്ങൾക്കുശേഷം നേർച്ചക്കഞ്ഞി വിതരണവും ഉണ്ടാകും.
നോമ്പുകാലത്തോടനുബന്ധിച്ചു ദിവസവും രാവിലെ 5.30, 6.30, 7.30, 9.30, രാത്രി ഏഴ് മണി എന്നീ സമയങ്ങളിൽ ദിവ്യബലിയും നൊവേനയും ഉണ്ടാകും. മാർച്ചിലെ ആദ്യവെള്ളിയായ മൂന്നാം തീയതി വൈകുന്നേരം ഏഴിനു തിരുക്കർമങ്ങൾ അടിവാരത്ത് ആരംഭിക്കും. ഏപ്രിൽ മാസത്തിലെ ആദ്യവെള്ളി ദിനത്തില്‍ മലമുകളിൽ രാവിലെ 9.30ന് വചനശുശ്രൂഷ, ആരാധന, ദിവ്യബലി, നൊവേന എന്നീ രീതിയിലാണ് തിരുകര്‍മ്മങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.