News - 2025
ആഗോള താപനത്തിന്റെ മുഖ്യ ഉത്തരവാദികള്‍ സമ്പന്നരായ മനുഷ്യരാണെന്ന് വത്തിക്കാന്‍ കോണ്‍ഫറന്‍സ്
സ്വന്തം ലേഖകന്‍ 05-03-2017 - Sunday
വത്തിക്കാന്‍: ആഗോള താപനത്തിനും, സസ്യ-ജന്തുജാലങ്ങളുടെ നാശത്തിനും മുഖ്യ ഉത്തരവാദികള്‍ സമ്പന്നരായ മനുഷ്യരാണെന്ന് വത്തിക്കാന്‍ കോണ്‍ഫറന്‍സ്. ജൈവ-വൈവിധ്യത്തെക്കുറിച്ചും, ആഗോള താപനത്തെക്കുറിച്ചും ചര്‍ച്ചചെയ്യുവാന്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സും, പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സും സംയുക്തമായി സംഘടിപ്പിച്ച വത്തിക്കാന്‍ കോണ്‍ഫറന്‍സിന്റെ സമാപനത്തിലാണ് വത്തിക്കാൻ ഇപ്രകാരം പ്രസ്താവിച്ചത്. ആഗോള താപനത്തിന്റെ മുഖ്യ കാരണം സമ്പന്നരായ മനുഷ്യരുടെ 'ഉപയോഗ'മാണെന്നു സമരത്ഥിച്ചുകൊണ്ടും ലോകത്തിന്റെ സമ്പത്ത് പുനര്‍വിതരണം ചെയ്യണമെന്നു ആഹ്വാനം ചെയ്തുകൊണ്ടുമാണ് വത്തിക്കാന്‍ കോണ്‍ഫറന്‍സ് സമാപിച്ചത്.
പരിസ്ഥിതിയും, സസ്യ ജന്തുജാലങ്ങളും മനുഷ്യരുടെ നിലനില്‍പ്പിന് വളരെ അത്യാവശ്യമാണ്. എന്നാല്‍ മനുഷ്യരുടെ തന്നെ പ്രവര്‍ത്തികള്‍ മൂലം അവ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ജീവജാലങ്ങളുടെ നാശത്തിന്റെ നിരക്ക് മുന്‍പത്തേക്കാളും അനേകം മടങ്ങു കൂടുതലാണെന്ന് കോണ്‍ഫറന്‍സ് പുറത്ത് വിട്ട സമാപന പ്രസ്താവനയില്‍ പറയുന്നു. ഫോസ്സില്‍ ഇന്ധനത്തിന്റെ ഖനനവും ഉപയോഗവും വഴി ഭൂമിയുടെ സന്തുലിതാവസ്ഥക്ക് നേരിട്ട ഭീഷണിയാണ് ഇതിന്റെ മുഖ്യ കാരണമെന്നും പ്രസ്താവനയില്‍ പറയുന്നു.
ലോക ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം മാത്രം വരുന്ന കുറച്ചു ആളുകള്‍ ആഗോള ഉപഭോഗത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നു എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോണ്‍ഫറന്‍സ് സമാപിച്ചത്. ആഗോള താപനത്തിന്റെ വര്‍ദ്ധനയില്‍ സമ്പന്നരായ ആളുകള്‍ക്ക് വ്യക്തമായ പങ്കുണ്ട്, അതിന്റെ ഫലമായി ജൈവ വൈവിധ്യത്തില്‍ വ്യതിയാനം വരുകയും ചെയ്യുന്നു. സമ്പത്തിന്റെ പുനര്‍വിതരണമാണ് ആഗോള സുസ്ഥിരതക്ക് അനുയോജ്യമായ മാർഗ്ഗമെന്നും പ്രസ്താവനയില്‍ പറയുന്നു. സുസ്ഥിരവും സാമൂഹിക സമത്വപരവുമായ ഒരു ലോക നിര്‍മ്മിതിക്കായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കോണ്‍ഫ്രന്‍സ് സമാപിച്ചത്.