News - 2025
മാര്‍പാപ്പയുടെ നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 05-03-2017 - Sunday
വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും പങ്കെടുക്കുന്ന നോമ്പ് കാല ധ്യാനം ഇന്ന് ആരംഭിക്കും. റോമാ നഗരത്തിലെ അരീച്ച്യാ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് മാര്‍പാപ്പായും വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗത്തിന്‍റെ തലവന്മാരും സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്.
മാര്‍ച്ച് 10 വെള്ളിയാഴ്ച ധ്യാനം സമാപിക്കും. വിശുദ്ധ ഫ്രാന്‍സീസിന്റെ പട്ടണമായ അസ്സീസിയിലുള്ള ദൈവശാസ്ത്ര പഠനകേന്ദ്രത്തിലെ വൈദികന്‍ ഫാ. ജൂലിയോ മിഷെലീനിയാണ് പാപ്പായെയും സംഘത്തെയും ധ്യാനിപ്പിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സാഹായാഹ്ന പ്രാര്‍ത്ഥനയോടും കൂടെ ധ്യാനം ആരംഭിക്കും.
2 ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, യാമപ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് പൊതുവായ പരിപാടികള്‍. മാര്‍ച്ച് 10 വെള്ളിയാഴ്ച, രാവിലത്തെ ദിവ്യബലിയെ തുടര്‍ന്നുള്ള ധ്യാനപ്രസംഗത്തോടെ വാര്‍ഷികധ്യാനം അവസാനിക്കും. ധ്യാനദിവസങ്ങളില്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ കൂടിക്കാഴ്ചകളും മറ്റു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.