News - 2025
എല്ലാവരേയും സ്വീകരിക്കാനുള്ള സന്നദ്ധത യൂറോപ്പ് പ്രകടമാക്കണം: ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 26-03-2017 - Sunday
വത്തിക്കാൻ: എല്ലാവരേയും സ്വീകരിക്കാനുള്ള സന്നദ്ധത യൂറോപ്യൻ രാജ്യങ്ങൾ പ്രകടമാക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. യൂറോപ്യൻ യൂണിയന്റെ ഉത്ഭവത്തിന് വഴിതെളിച്ച റോമൻ ഉടമ്പടിയുടെ അറുപതാം വാർഷിക വേളയിൽ, സാല പ്രവിശ്യയിലുള്ള നേതാക്കളുമായി സംസാരിക്കുകയായിരിന്നു അദ്ദേഹം.
മനുഷ്യർ തമ്മിലുള്ള ഐക്യം, ലോകത്തോടുള്ള സുതാര്യത, സമാധാനത്തിന്റെയും പുരോഗതിയുടേയും ഉദ്യമം, ഭാവിയിലേക്കുള്ള തുറവി തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂണിയൻ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. യൂറോപ്യൻ രാഷ്ട്രീയ പദ്ധതികളുെട ഹൃദയം തന്നെ മനുഷ്യരാണ് എന്ന തിരിച്ചറിവ് സ്ഥാപകർക്കുണ്ടായിരുന്നു. എന്നാൽ, അഹംഭാവം നിമിത്തം ജനങ്ങൾക്ക് അവരുടേതായ സങ്കുചിത കാഴ്ചപ്പാടിനെ അതിജീവിക്കാൻ കഴിയാതെയായിരിക്കുന്നു.
ഇന്നത്തെ യൂറോപ്പിന്റെ നിലനിൽപിനു തന്നെ അടിസ്ഥാനമാണ് റോമൻ ഉടമ്പടി. 1957-ൽ അന്നത്തെ യൂറോപ്യൻ നേതാക്കന്മാർ വളരെയധികം അഗ്രഹത്തോടെയും ഉത്സാഹത്തോടെയും പ്രതീക്ഷകളോടെയും ധാരണകളോടും കൂടിയാണ് ഉടമ്പടിക്കു തുടക്കം കുറിച്ചത്. സാമ്പത്തിക സഹകരണത്തേക്കാൾ ഉന്നതമായ ഒരു ലക്ഷ്യമാണ് അവർക്കുണ്ടായിരുന്നത്.
നിയമസംഹിതകളോ പെരുമാറ്റച്ചട്ടങ്ങളോ കാര്യക്രമങ്ങളോ അല്ല യൂറോപ്പ് മുന്നോട്ട് വയ്ക്കുന്നത്. അതുപോലെ പ്രതിരോധമോ പുരോഗതിയോ അവകാശപ്പെടുന്ന വാദങ്ങളെ പിന്തുണയ്ക്കുകയല്ല ചെയ്യുന്നത്, മറിച്ച് മനുഷ്യന്റെ ശ്രേഷ്ഠതയെയും അന്തസ്സിനെയും അടിസ്ഥാനമായ ജീവിത രീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. യൂറോപ്യൻ സമൂഹത്തിന്റെ സ്ഥാപകനായ അൽസിഡ് ഡി ഗസ്പേരിയുടെ 'യൂറോപ്യൻ സംസ്കാരത്തിന്റെ ഉറവിടം ക്രിസ്തുമതമാണ് ' എന്ന അഭിപ്രായം അദ്ദേഹം ആവര്‍ത്തിച്ചു.
സമകാലീക രാഷ്ട്രീയ പ്രതിസന്ധികൾ ഭയം ജനിപ്പിക്കുകയും സഹജീവികളിൽ സംശയം ഉളവാക്കുകയും ആദർശങ്ങൾ നഷ്ടപ്പെട്ട സമൂഹത്തിൽ ഭയം എന്ന വികാരം ആധിപത്യം നേടിയിരിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. ജനാധിപത്യ സിദ്ധാന്തങ്ങൾക്കുള്ള പ്രതിവിധി, എല്ലാവരേയും സ്വീകരിക്കാനുള്ള സന്നദ്ധത മാത്രമാണെന്ന് അഭിപ്രായപ്പെട്ട് മാർപ്പാപ്പ പ്രസംഗം പൂർത്തിയാക്കി.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് തസ്ക്, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ജീൻ ക്ലാഡ് ജൻങ്കർ, യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് അന്റോണിയോ റ്റജാനി തുടങ്ങി 27 യൂറോപ്യൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.