News - 2025
വൈദീക രൂപീകരണം സെമിനാരി റെക്ടറിന്റെ മാത്രം ഉത്തരവാദിത്വമല്ല, ക്രിസ്തീയ സമൂഹത്തിന്റെ മുഴുവന്‍ കൂട്ടുത്തരവാദിത്വം : ബിഷപ്പ് ചാള്‍സ് പാമര്‍-ബക്ക്ള്‍
സ്വന്തം ലേഖകന്‍ 26-03-2017 - Sunday
അക്ര: വൈദീക രൂപീകരണം എന്നത് സെമിനാരിയിലെ റെക്ടറച്ചന്റെ മാത്രം ജോലിയല്ല, മറിച്ച് മുഴുവന്‍ ക്രിസ്തീയ സമൂഹത്തിനും, വൈദീക വിദ്യാര്‍ത്ഥികള്‍ക്കുമിടക്കുമുള്ള ഒരു കൂട്ടായ ഉത്തരവാദിത്വമാണെന്ന്‍ ഘാനയിലെ അക്ക്രായിലെ ബിഷപ്പ് ചാള്‍സ് പാമര്‍-ബക്ക്ള്‍. ആഫ്രിക്കന്‍ രാജ്യമായ ഘാന സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 60-മത്തെ വാര്‍ഷികാഘോഷ വേളയില്‍, “ഘാനയിലേയും, ആഗോള സഭയിലേയും വൈദീക രൂപീകരണത്തിലെ 60 വര്‍ഷങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് പീറ്റേഴ്സ് കത്തോലിക്കാ സെമിനാരിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം.
പിതാവായ ദൈവം ആഗ്രഹിക്കുന്നതു പോലെ ആയിതീരുവാനുള്ള യഥാര്‍ത്ഥമായ ആഗ്രഹം ഒരു വൈദീക വിദ്യാര്‍ത്ഥിക്കുണ്ടെങ്കില്‍, തന്റെ പഠനത്തിനായി പൂര്‍ണ്ണമനസ്സോടെ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കണമെന്ന ഭീമമായ ഉത്തരവാദിത്വം അവര്‍ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ദൈവീക നിയോഗത്തിലുള്ള വെല്ലുവിളികളെ താന്‍ ഒട്ടും തന്നെ കുറച്ചു കാണുന്നില്ല. മുഴുവന്‍ ക്രിസ്തീയ സമൂഹവും ഇതിനായി തങ്ങളുടേതായ സംഭാവനകള്‍ ചെയ്യണം. വൈദീക രൂപീകരണത്തിലുള്ള വെല്ലുവിളികള്‍ മാതാപിതാക്കള്‍, രക്ഷകര്‍ത്താക്കള്‍, സമൂഹം എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കണം നേരിടേണ്ടത്. എങ്കില്‍ അത് വൈദീക പഠനത്തിനും, വിദ്യാര്‍ത്ഥിക്കും, തിരുസഭ മുഴുവനുമായി ഗുണകരമായിരിക്കും. വിശ്വാസപരിശീലനം സ്വന്തം ഭവനത്തില്‍ നിന്നുമാണ് ആരംഭിക്കേണ്ടത്. പിന്നീടത് സഭയിലൂടേയും, സഭാനേതൃത്വത്തിലൂടേയും തുടരണം.
പരിശുദ്ധാത്മാവിന്റെ കൃപ സഭയിലെ അംഗങ്ങളായ നമ്മള്‍ എല്ലാവരിലും ഉണ്ട്. അതിനാല്‍ പൗരോഹിത്യമെന്ന ദൈവനിയോഗത്തെ വേണ്ടും വിധം പരിപാലിക്കേണ്ടത് നമ്മുടേയും ഉത്തരവാദിത്വമാണ്. ഒരു കൂട്ടുത്തരവാദിത്വമെന്ന നിലയില്‍, വിളവെടുപ്പിന്റെ നാഥനായ കര്‍ത്താവിനോട് തന്റെ മുന്തിരിതോപ്പിലേക്ക് ആവശ്യമായ വേലക്കാരെ അയക്കണമെന്ന പ്രാര്‍ത്ഥനയോടെ ഈ ഉത്തരവാദിത്വം ആരംഭിക്കുന്നു. തുടര്‍ന്നാണ് ദൈവനിയോഗമുള്ളവരെ വിളിക്കുകയും ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടുള്ള ആത്മീയ ജീവിതത്തിനായി അവരെ പരിശീലിപ്പിക്കുകയും ചെയ്യേണ്ടത്. ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
നേരത്തെ 2015-ലെ തന്റെ പൊതുപ്രഭാഷണത്തില്‍ ഫ്രാന്‍സിസ് പാപ്പയും സമാന ആശയം പങ്കുവെച്ചിരിന്നു. അജപാലന ദൗത്യത്തിന്റെ കേന്ദ്രം കുടുംബമാണ്. അതിനാല്‍ സ്വന്തം ഭവനത്തിലും ദേവാലയത്തിലും വെച്ചാണ് വിശ്വാസ പരിശീലനം ആരംഭിക്കേണ്ടതു എന്നാണ് മാര്‍പാപ്പ അന്ന്‍ പറഞ്ഞത്.