News - 2025
റോമിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകന്‍ 27-03-2017 - Monday
റോം: റോമിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ആൻഡ് ഇന്റർറിലീജിയസ് സ്റ്റഡീസിന്റെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ അനിൽ വാധ്വ ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ സഭകൾക്കുള്ള സംഘത്തിന്റെ തലവൻ കർദിനാൾ ലിയണാർദോ സാന്ദ്രിയുടെ സന്ദേശം മോൺ. മക്ലീൻ കമിംഗ്സും മതാന്തര സംവാദത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ തലവൻ കർദിനാൾ ജീൻ തൗറാൻ അയച്ച സന്ദേശം മോൺ. സാന്റിയാഗോ മൈക്കിളും, സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടിയുടെ സന്ദേശം റവ. ഡോ. ചെറിയാൻ തുണ്ടുപറന്പിലും വായിച്ചു.
ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ഐസക് ആരിക്കാപ്പള്ളിൽ സ്വാഗതം പറഞ്ഞു. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി പ്രഫ. ബ്രയൻ ലോബോ, ഇന്ത്യൻ വൈദിക - സന്യാസ - വിദ്യാർഥികളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് ജോജപ്പാ പൊലിസേറ്റി എന്നിവർ പ്രസംഗിച്ചു. റൂബി ജൂബിലിയോടനുബന്ധിച്ച് ‘’കാരുണ്യവും അനുകമ്പയും വിവിധ മതങ്ങളിൽ’’ എന്ന വിഷയത്തെ ആസ്പദമാക്കി അന്തർദേശീയ മതാന്തര സെമിനാർ നടത്തപ്പെട്ടു.
ബംഗളൂരു ധർമരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. പോളച്ചൻ കോച്ചാപ്പിള്ളി സിഎംഐ, തിയോളജി ഡീൻ റവ. ഡോ. ജോയി ഫിലിപ്പ് കാക്കനാട്ട് സിഎംഐ, റവ. ഡോ. ജോർജ് കണിയാരകത്ത് സിഎംഐ, റവ. ഡോ. അഗസ്റ്റിൻ തോട്ടക്കര സിഎംഐ, ഡോ. ഇല്ലിയാസ് അനിമോൻ, തിരക്കഥാകൃത്ത് ജോൺപോൾ, കൊച്ചി ചാവറ സാംസ്കാരിക കേന്ദ്രം ഡയറക്ടർ റവ. ഡോ. റോബി കണ്ണൻചിറ, ഇറ്റലിയൻ ഹിന്ദു യൂണിയൻ വൈസ് പ്രസിഡന്റ് ഹംസാനന്ദഗിരി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.