News - 2025
കാരുണ്യത്തിന്റെ മറ്റൊരു അദ്ധ്യായം കുറിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പ: മാര്‍പാപ്പ തടവ്പുള്ളികളുടെ കാൽകഴുകി
സ്വന്തം ലേഖകന്‍ 14-04-2017 - Friday
വത്തിക്കാൻ സിറ്റി: കാരുണ്യത്തിന്റെ ഉദാത്ത ഭാവം വീണ്ടും പ്രകടമാക്കി കൊണ്ട് ഇറ്റലിയിലെ പാലിയാനോ ജയിലിലെ തടവ്പുള്ളികളുടെ കാലുകള്‍ മാര്‍പാപ്പ കഴുകി. രാജ്യാന്തര കുറ്റവാളികള്‍ ജീവിക്കുന്ന തടങ്കലിന്‍റെ പ്രത്യേക സ്വഭാവവും സുരക്ഷാകാരണങ്ങളും പരിഗണിച്ചു മാര്‍പാപ്പയുടെ പെസാചരണവും കാലുകഴുകല്‍ ശുശ്രൂഷയും ഇത്തവണ പൂര്‍ണ്ണമായും സ്വകാര്യമായിരിന്നു. പരിപാടിയുടെ സംപ്രേക്ഷണം ഉണ്ടാവില്ലായെന്ന് വ്യാഴാഴ്ച രാവിലെ തന്നെ വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചിരിന്നു.
വത്തിക്കാനില്‍നിന്നും 50 കി.മി. അകലെയുള്ള പലിയാനോ ജയിലിലേയ്ക്ക് ഇന്നലെ പ്രാദേശിക സമയം ഉച്ചതിരിച്ച് 3 മണിക്ക് കാറില്‍ പുറപ്പെട്ട പാപ്പായെ 4 മണിക്ക് ജയിലധികൃതരും അന്തേവാസികളുടെ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നു തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകഴുകുന്ന ശുശ്രൂഷയോടെ ആദ്യം തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. മാര്‍പാപ്പാ കാലുകഴുകിയവരില്‍ 10 പേര്‍ ഇറ്റലിക്കാരും, ഒരാള്‍ അര്‍ജന്‍റീനിയക്കാരനും മറ്റൊരാള്‍ അല്‍ബേനിയന്‍ സ്വദേശിയുമായിരിന്നു. ഇതില്‍ രണ്ടുപേര്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണ്.
കാലുകഴുകല്‍ ശുശ്രൂഷയെ തുടര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിയില്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എളിമയില്‍ സഹോദരങ്ങളെ സ്നേഹിക്കുന്നതും പരസ്പരം സഹായിക്കുന്നതും മഹത്തരമാണെന്ന് പെസഹാചരണം നമ്മെ പഠിപ്പിക്കുന്നുവെന്നും നമ്മുടെ ഇടയില്‍ സ്നേഹം വളരണമെങ്കില്‍ നാം പരസ്പരം പാദങ്ങള്‍ കഴുകണമെന്നും മാര്‍പാപ്പ തന്റെ പെസഹ സന്ദേശത്തില്‍ പറഞ്ഞു.
"യേശു നമുക്കായി കുരിശില്‍ മരിച്ചു. പാപികളായ നമ്മെ അവിടുന്നു സ്നേഹിക്കുന്നു. നമുക്കുവേണ്ടി അവിടുന്നു താഴ്മയില്‍ സമര്‍പ്പിക്കുന്നു. എളിമയില്‍ സഹോദരങ്ങളെ സ്നേഹിക്കുന്നതും പരസ്പരം സഹായിക്കുന്നതും മഹത്തരമാണെന്ന് ഈ പെസഹാചരണം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഇടയില്‍ സ്നേഹം വളരണമെങ്കില്‍ നാം പരസ്പരം പാദങ്ങള്‍ കഴുകണം. പരസ്പരം സഹായിക്കണം. പങ്കുവയ്ക്കണം". മാര്‍പാപ്പ പറഞ്ഞു.
ദിവ്യബലിക്ക് ശേഷം ജയിലിലെ അന്തേവാസികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. ജയില്‍വാസികള്‍ നിര്‍മ്മിച്ച ചെറിയ കരകൗശലവസ്തുക്കളും, സ്ത്രീകള്‍ ഉണ്ടാക്കിയ പലഹാരങ്ങളും, ചെറിയ മരക്കുരിശും, ദൈവമാതാവിന്‍റെ ഛായാചിത്രവും മാര്‍പാപ്പയ്ക്കു അവര്‍ കൈമാറി. വൈകീട്ട് 6.30-നാണ് മാര്‍പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങിയത്.
വി.കുർബാന സ്ഥാപിതമായ അന്ത്യത്താഴ വിരുന്ന് അനുസ്മരിക്കുന്ന ബലി തടവുകാർക്കൊപ്പം നടത്തുന്ന പതിവ് ഫ്രാൻസിസ് മാർപാപ്പ തുടരുകയാണെന്നത് ശ്രദ്ധേയമാണ്. 2013 ലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച ശുശ്രൂഷയിൽ റോമാ കാസൽ ഡെൽ മാർമോ ജയിലില്‍ സ്ത്രീകളും മുസ്ളിമുകളും അടങ്ങുന്ന തടവുകാരുടെ പാദങ്ങളാണ് മാർപാപ്പ കഴുകിയത്.
2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്റർ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും കഴിഞ്ഞ വർഷം ഹൈന്ദവ, മുസ്ളിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും പാദങ്ങളാണ് മാര്‍പാപ്പ കഴുകിയത്.