News - 2025
ഫാ. ടോമിന്റെ മോചനത്തിന് കേന്ദ്രത്തിന്റെ സജീവ ഇടപെടല്‍ ഉണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 04-06-2017 - Sunday
തിരുവനന്തപുരം: യെമനില്‍ ഒരു വര്‍ഷത്തോളമായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടലുണ്ടാകുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ ഉറപ്പ് നല്കി. ഇന്നലെ വൈകുന്നേരം പട്ടം ബിഷപ്സ് ഹൗസിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം, റബർ, ഏലം അടക്കമുള്ള കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടി തുടങ്ങിയവ ചർച്ചയിൽ ആവശ്യപ്പെട്ടതായി മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.
മാർപാപ്പയുടെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. അമിത് ഷായുടെ സന്ദർശനം സൗഹാർദപരമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളൊന്നും ചർച്ചയായില്ല. കന്നുകാലി കശാപ്പു നിയന്ത്രണമടക്കമുള്ള മറ്റു വിഷയങ്ങളൊന്നും യോഗത്തിൽ ചർച്ചയായില്ലെന്നും കര്‍ദിനാള്‍ ക്ലീമീസ് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ്, പാസ്റ്ററൽ കൗണ്‍സിൽ മുൻ സെക്രട്ടറിയും മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ ജോണ്‍ മത്തായി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയും മുൻ ഡിജിപിയുമായ ജേക്കബ് പുന്നൂസ്, വിവിധ ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെടുത്തു.