News

കരിസ്മാറ്റിക് നവീകരണം എന്നത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ ഊര്‍ജ്ജപ്രവാഹം: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 05-06-2017 - Monday

റോം: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് നവീകരണം എന്നത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ ഊര്‍ജ്ജപ്രവാഹമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് നടന്ന പന്തക്കുസ്താ ജാഗരണപ്രാര്‍ത്ഥനക്കിടയിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്. ഈ പ്രസ്ഥാനത്തിന് ഒരു സ്ഥാപകനോ, പ്രത്യേക സംവിധാനത്തിലൂന്നിയ നടപടിക്രമങ്ങളോ ഇല്ല. എങ്കിലും കഴിഞ്ഞ 50 വര്‍ഷങ്ങളിൽ സഭയുടെ ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ കരിസ്മാറ്റിക് നവീകരണത്തിലൂടെ ഉണ്ടായതായി അദ്ദേഹം പ്രത്യേകം പ്രത്യേകം എടുത്തുപറഞ്ഞു.

ശനിയാഴ്ച്ച വൈകുന്നേരം ഏതാണ്ട് 50,000-ത്തോളം വിശ്വാസികളാണ് പന്തക്കുസ്താ ജാഗരണ പ്രാര്‍ത്ഥനക്കായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും റോമിലെ സര്‍ക്കസ് മാക്സിമസില്‍ ഒരുമിച്ചുകൂടിയത്. ഈ വലിയ വിശ്വാസിസമൂഹത്തെ അഭിസംബോധനചെയ്തു സംസാരിക്കവേ, ക്രിസ്തീയ ഐക്യം എക്കാലത്തേക്കാളുമധികമായി ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുകയാണെന്ന് മാർപാപ്പാ പറഞ്ഞു. നിരവധി വിശ്വാസികൾ കൊല്ലപ്പെട്ടു, അവര്‍ ക്രിസ്ത്യാനികളായിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം. അല്ലാതെ അവര്‍ കത്തോലിക്കരോ, ഓര്‍ത്തഡോക്സോ ആയിരുന്നു എന്നതല്ല അതിന്റെകാരണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യാനികളെ കൊല്ലുന്നവര്‍ അവരെ കൊല്ലുന്നതിനു മുന്‍പ് നിങ്ങള്‍ കത്തോലിക്കരാണോ? ഓര്‍ത്തഡോക്‌സാണോ? ലൂതറനാണോ? കാല്‍വിനിസ്റ്റാണോ? അല്ലെങ്കില്‍ ഇവാഞ്ചലിക്കല്‍ സഭാംഗമാണോ? എന്ന് ചോദിച്ചിട്ടല്ല കൊല്ലുന്നത് എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘യേശു കര്‍ത്താവാണ്’ എന്ന് വിവിധ ഭാഷകളില്‍ എഴുതിയ കൂറ്റന്‍ വേദിയില്‍ ഫ്രാന്‍സിസ് പാപ്പായെ കൂടാതെ, ഈ ആഘോഷ പരിപാടികളുടെ സംഘാടകരായ ഇന്റര്‍നാഷണല്‍ കത്തോലിക്ക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസിന്റെ പ്രസിഡന്റായ മിഷേല്‍ മോരാന്‍, കത്തോലിക്കാ ഫ്രാറ്റേര്‍ണിറ്റിയുടെ പ്രസിഡന്റ് ഗില്‍ബെര്‍ട്ടോ ബാര്‍ബോസ, കാസര്‍ട്ടായിലെ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് റികണ്‍സിലിയേഷനിലെ റവ. ജിയോവന്നി ട്രാറ്റിനോ എന്നിവരും സന്നിഹിതരായിരുന്നു.

“നമ്മള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ട്” ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു “എങ്കിലും അനുരജ്ഞനത്തിലൂന്നിയ നാനാത്വമായിരിക്കണം” ക്രിസ്ത്യാനികളുടേത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ട്കാലങ്ങളില്‍ കാണികളെ രസിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു ക്രിസ്ത്യാനികളെ കൊന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലും കൂടുതല്‍ ക്രിസ്ത്യാനികള്‍ രക്തസാക്ഷികള്‍ ആയികൊണ്ടിരിക്കുന്നു എന്നും പാപ്പാ പറഞ്ഞു.

പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം സഭയിലുള്ള എല്ലാവരുമായി പങ്കുവയ്ക്കണമെന്നും, വിവിധ സഭകളിലെ ക്രിസ്ത്യാനികള്‍ ഒരുമിച്ച് നടക്കണമെന്നും, പാവങ്ങളേയും രോഗികളേയും സഹായിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.

More Archives >>

Page 1 of 183