News - 2025
മതവിശ്വാസത്തിന് കടുത്ത നിയന്ത്രണവുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം
സ്വന്തം ലേഖകന്‍ 20-07-2017 - Thursday
ബെയ്ജിങ്: പാർട്ടി അംഗങ്ങളുടെ മതവിശ്വാസത്തിൽ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അംഗങ്ങൾ മതവിശ്വാസം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ കനത്തശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ചൈനയിലെ റിലീജിയസ് അഫയേഴ്സ് റെഗുലേറ്ററിനെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗികമായി നിരീശ്വരവാദമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടെങ്കിലും ചൈനയിലെ ഭരണഘടന മതവിശ്വാസത്തിനു സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.
ഭരണഘടനയെ പിൻപറ്റി പാർട്ടി അംഗങ്ങളിൽ ഭൂരിഭാഗവും വിശ്വാസികളായിട്ടുണ്ട്. എന്നാൽ പാർട്ടി അംഗങ്ങൾക്ക് യാതൊരു തരത്തിലുള്ള മതവിശ്വാസവും പാടില്ലെന്നാണ് മതകാര്യ വകുപ്പ് അധ്യക്ഷൻ വാങ് സുവോൻ നല്‍കുന്ന വിശദീകരണം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതവിശ്വാസികളോട് പൊതുവെ സഹിഷ്ണുത വച്ചു പുലര്‍ത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്ക് മതപരമായ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നതിന് കടുത്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടി അംഗങ്ങള്‍ മാര്‍ക്‌സിയന്‍ നിരീശ്വരവാദത്തെയാണ് പിന്തുടരേണ്ടത്. മതങ്ങള്‍ക്ക് പകരം അവര്‍ പാര്‍ട്ടി നയങ്ങളെ വിശ്വസിക്കുകയും അത് നെഞ്ചേറ്റുകയും വേണമെന്നും വാങ് സുവോൻ കുറിച്ചു. പാര്‍ട്ടി അംഗങ്ങളില്‍ വര്‍ധിച്ചു വരുന്ന മതവിശ്വാസം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയതോടെയാണ് ഇത്ര കര്‍ശനമായ നിലപാടിലേക്ക് പാര്‍ട്ടി വന്നതെന്നാണ് വിലയിരുത്തല്‍.
2012-ല്‍ അധികാരത്തിലേക്ക് എത്തിയ സീ ജിന്‍പിംഗ് കൂടുതല്‍ ശക്തമായ രീതിയില്‍ മതത്തെ നിയന്ത്രിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ‘ചൈനീസ് എയ്ഡ്’ എന്ന ക്രൈസ്തവ സംഘടന നേരത്തെ വ്യക്തമാക്കിയിരിന്നു. ഇത്തരം നിയന്ത്രണങ്ങളുടെ നടുവിലും 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യം എന്ന ഉന്നതിയിലേക്ക് ചൈന കുതിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.