News - 2025

ഫാ. മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമം പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍ 20-07-2017 - Thursday

ലണ്ടന്‍: സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഇക്കാര്യം സിഎംഐ സഭാ പ്രതിനിധി ഫാ ടെബിന്‍ പുത്തന്‍പുരയ്ക്കലാണ് സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഫ്യൂണറല്‍ ഡയറക്ടറേറ്റ് എന്നിവയുമായി ബന്ധപ്പെടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ഉടനെ തന്നെ കഴിയുമെന്നാണ് സൂചന.

അന്വേഷണം പൂര്‍ത്തിയായാലേ മൃതദേഹം വിട്ടുനല്‍കൂ എന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടം നടപടികളും ആന്തരിക അവയവങ്ങളുടെ പരിശോധനയും ആന്തരിക രക്തസ്രാവങ്ങളുടെ പരിശോധന റിപ്പോര്‍ട്ടുകളും കോശ സാമ്പിളുകളുടെ പരിശോധന റിപ്പോര്‍ട്ടും ലഭിച്ചതിന് പിന്നാലെ മൃതദേഹം വിട്ടുനല്‍കാന്‍ അന്വേഷണ സംഘം തയ്യാറാകുകയായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്ന് ചാന്‍സറി ഭട്ട മിസ്ര, കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഫിസ്കല്‍ ഓഫിസറുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ സാധ്യമാക്കിയത്. അതേ സമയം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

More Archives >>

Page 1 of 201