News - 2025
മാര്‍പാപ്പ മുന്‍കൈഎടുത്ത ബംഗുയിയിലെ കുട്ടികളുടെ ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നു
സ്വന്തം ലേഖകന്‍ 20-07-2017 - Thursday
വത്തിക്കാന്‍ സിറ്റി: മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെ തലസ്ഥാന നഗരമായ ബംഗുയില്‍ ഫ്രാന്‍സിസ് പാപ്പാ മുന്‍കൈഎടുത്ത കുട്ടികള്‍ക്കായുള്ള ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 17) മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ളിക്കിന്‍റെ പ്രധാനമന്ത്രി ഫൗസ്റ്റിന്‍ ആര്‍ക്കെയ്ഞ്ച് തവുഡേരാ കല്ലിട്ടതോടെയാണ് പുതിയ ആശുപത്രിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
നേരത്തെ 2015 നവംബറില്‍ മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കു സന്ദര്‍ശിക്കവേ പോഷകാഹാരക്കുറവുമൂലം ജീവിതവുമായി മല്ലടിക്കുന്ന നിരവധി കുട്ടികളെക്കണ്ട് മനംനൊന്തതിനെ തുടര്‍ന്നാണ്, ഫ്രാന്‍സിസ് പാപ്പ ബാഗ്വിയില്‍ വത്തിക്കാന്‍റെ മേല്‍നോട്ടത്തില്‍ കൂട്ടികള്‍ക്കായി വലിയൊരു ആശുപത്രി സ്ഥാപിക്കണമെന്ന ചിന്ത പൊതുജനമദ്ധ്യത്തില്‍ ഉയര്‍ത്തിയത്. ആദ്യഘട്ടത്തില്‍ വത്തിക്കാന്‍റെ ആശുപത്രിയില്‍നിന്നും ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്കിക്കൊണ്ടാണ് അവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
തുടര്‍ന്ന് ബംഗുയില്‍നിന്നും നേഴ്സുമാരെയും ഡോക്ടര്‍മാരെയും റോമില്‍ കൊണ്ടുവന്ന് അവര്‍ക്ക് പരിശീലനം നല്കുന്ന പദ്ധതിയും തുടരുകയായിരിന്നു. താല്‍ക്കാലിക മന്ദിരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്പെന്‍സിറിയാണ് വത്തിക്കാന്‍റെ ജേസു ബംബീനോ ആശുപത്രിയുടെയും, ജൂബിലിയാഘോഷിച്ച വത്തിക്കാന്‍ സുരക്ഷാവിഭാഗത്തിന്‍റെയും പിന്‍തുണയോടെ ആശുപത്രിയായി പണിതുയര്‍ത്തപ്പെടുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബംഗുയിയിലെ ശിശുരോഗ ആശുപത്രിയ്ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സംഭാവനയായി രണ്ടുലക്ഷം യൂറോ സമ്മാനിച്ചിരിന്നു. ‘ക്രിസ്റ്റോ: ബംഗുയിയ്ക്കുവേണ്ടി ഒരു സമ്മാനം’ എന്ന പേരിലുള്ള പദ്ധതിയിലൂടെ സമാഹരിച്ച തുകയാണ് കൈമാറിയത്. പ്രശസ്ത ബള്‍ഗേറിയന്‍ ആര്‍ട്ടിസ്റ്റ് ക്രിസ്റ്റോ തയ്യാറാക്കിയ, 'ഡിസ്കവറിങ് ദ വത്തിക്കാന്‍ മ്യൂസിയം' എന്ന ഡോക്യുമെന്‍ററി പരമ്പര ലണ്ടന്‍, മിലാന്‍, റോം തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്തുകൊണ്ടാണ് ഈ തുക സമാഹരിച്ചത്.