News - 2025

ക്രൈസ്തവ പാരമ്പര്യത്തെ യൂറോപ്പ് മറക്കരുത്: യൂറോപ്യന്‍ എപ്പിസ്ക്കോപ്പൽ കോൺഫറൻസ്

സ്വന്തം ലേഖകന്‍ 03-10-2017 - Tuesday

മിൻസ്ക്: ക്രൈസ്തവ പാരമ്പര്യം മറന്ന് ജീവിക്കുന്ന യൂറോപ്യൻ ജനതയ്ക്ക് താക്കീതുമായി യൂറോപ്യന്‍ എപ്പിസ്കോപ്പൽ കോൺഫറൻസ്. മതേത്വരത്തെ ഉയർത്തി കാണിച്ച് ദൈവത്തെ മറന്ന് ജീവിക്കുന്ന സമൂഹത്തെയാണ് കണ്ടു വരുന്നതെന്നും യൂറോപ്പ് തങ്ങളുടെ സംസ്കാരത്തെ പടുത്തുയർത്തിയ ക്രൈസ്തവ പാരമ്പര്യത്തെ മുറുകെ പിടിക്കണമെന്നും യൂറോപ്യൻ മെത്രാൻ സമിതി തലവൻ കർദ്ദിനാൾ ആഞ്ചലോ ബഗ്നാസ്കോ പറഞ്ഞു. ദൈവത്തിൽ പ്രതീക്ഷയർപ്പിച്ച് ജീവിക്കാൻ മെത്രാന്മാർ വിശ്വാസികളെ ആഹ്വാനം ചെയ്യണമെന്നും കർദ്ദിനാൾ ഉദ്ഘോഷിച്ചു.

നാൽപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നും മെത്രാൻ സമിതി തലവന്മാർ പങ്കെടുത്ത ദേശീയ സമ്മേളനത്തിൽ സുവിശേഷവത്ക്കരണത്തില്‍ കൂടുതല്‍ കേന്ദ്രീകരിക്കണമെന്ന് കർദ്ദിനാൾ സന്ദേശം നല്കി. വികസ്വര രാഷ്ട്രങ്ങളിൽ കാണപ്പെടുന്ന മനുഷ്യ ശാക്തീകരണം യൂറോപ്പിനെയും സ്വാധീനിക്കുന്നുണ്ട്. മുൻകാലങ്ങളിലെപ്പോലെ ക്രൈസ്തവ വിശ്വാസത്തിനു യൂറോപ്പിൽ നവോത്ഥാന ഫലങ്ങൾ പുറപ്പെടുവിക്കാനാകും. പ്രതിസന്ധികൾക്കിടയിലും സുവിശേഷം പ്രഘോഷിക്കപ്പെടണം.

സംഘടനകളും അവയുടെ നടത്തിപ്പും സുവിശേഷ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുക വഴി മനുഷ്യന്റെ നിലനില്പ്, ലക്ഷ്യം, മരണാന്തര ജീവിതം എന്നിവയെ വ്യക്തമായി മനസ്സിലാക്കാനാകും. ഒപ്പം തിന്മയുടെ ശക്തിയും പ്രലോഭനങ്ങളും വേർതിരിച്ചറിയാനാകണം. മാനുഷിക മൂല്യങ്ങളിലൂന്നി കുടുംബകേന്ദ്രീകൃതമായ ഭൂഖണ്ഡമാകാൻ യൂറോപ്പിനാകുമെന്നു പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. 2018 ലെ സിനഡിന് മുന്നോടിയായി യുവജനങ്ങളുടെ ഭാവിയും സഭയും എന്ന വിഷയങ്ങൾ ആസ്പദമാക്കിയും ചര്‍ച്ചകള്‍ നടന്നു. സെപ്റ്റംബര്‍ 28നു ആരംഭിച്ച സമ്മേളനം ഒക്ടോബർ ഒന്നിനാണ് സമാപിച്ചത്.

More Archives >>

Page 1 of 230