News - 2025
കത്തോലിക്കാസഭയുടെ പരിഷ്ക്കരിച്ച മതബോധനഗ്രന്ഥം പുറത്തിറക്കി
സ്വന്തം ലേഖകന്‍ 19-10-2017 - Thursday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ അവതാരികയോടെ ആഗോള കത്തോലിക്കാസഭയുടെ പരിഷ്ക്കരിച്ച മതബോധനഗ്രന്ഥം പുറത്തുവന്നു. പുതുതായി കൂട്ടിച്ചേര്‍ത്ത അജപാലന-ദൈവശാസ്ത്ര വ്യാഖ്യാനങ്ങളോടെയാണ് പരിഷ്ക്കരിച്ച പതിപ്പ് പുറത്തുവന്നിരിക്കുന്നതെന്ന് വത്തിക്കാന്‍റെ മുദ്രണാലയത്തിന്‍റെ വക്താവ് ഒക്ടോബര്‍ 17 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യരും അവരുടെ വ്യഗ്രതയും, ദൈവത്തെ തേടുകയും അവിടുന്നുമായി സംവദിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന മനുഷ്യര്‍ പ്രാര്‍ത്ഥനയില്‍ എത്തിച്ചേരുന്നു, ഏഴുകൂദാശകളെ കേന്ദ്രീകരിച്ചുള്ള സഭാമക്കളുടെ കൃപാജീവിതം, ദൈവാരൂപിയില്‍ നിറഞ്ഞിരിക്കുന്ന ക്രൈസ്തവരുടെ ജീവിതശൈലി തുടങ്ങീയ ഭാഗങ്ങളാണ് പരിഷ്ക്കരിച്ച മതബോധന ഗ്രന്ഥത്തിലുള്ളത്. ദൈവശാസ്ത്രപരവും അജപാലന സ്വഭാവവുമുള്ള വ്യാഖ്യാനങ്ങള്‍ കൂട്ടിയിണക്കിയ സഭയുടെ മതബോധനഗ്രന്ഥത്തിന്‍റെ പരിഷ്ക്കാരം വിശ്വാസരഹസ്യങ്ങള്‍ ആഴമായി ഗ്രഹിക്കാന്‍ സഹായകമാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ അവതാരികയില്‍ കുറിച്ചു.
ലോകമെമ്പാടും സഭയുടെ സുവിശേഷവത്ക്കരണ ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരുടെ, വിശിഷ്യാ മതാദ്ധ്യാപകരുടെയും വൈദികരുടെയും വൈദികവിദ്യാര്‍ത്ഥികളുടെയും രൂപീകരണത്തിനും പഠനത്തിനും ഗ്രന്ഥം കൂടുതല്‍ ഉപകാരപ്രദമാകുമെന്നും പാപ്പാ രേഖപ്പെടുത്തിയിട്ടുണ്ട്. വത്തിക്കാന്‍ മുദ്രണാലയം ഒരുക്കി സെന്‍റ് പോള്‍സ് പ്രസാധകര്‍ വിതരണംചെയ്യുന്ന ഗ്രന്ഥത്തിന് 1716 പേജുകളുണ്ട്. ഇംഗ്ലിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് ഭാഷകളില്‍ പുതിയ പതിപ്പ് ലഭ്യമാണ്.