News - 2025

യൂറോപ്പ് ക്രൈസ്തവ മൂല്യങ്ങളിലേക്ക് മടങ്ങണമെന്ന ആഹ്വാനവുമായി ‘പാരിസ് സ്റ്റേറ്റ്മെന്റ്’

സ്വന്തം ലേഖകന്‍ 19-10-2017 - Thursday

ലണ്ടന്‍: യൂറോപ്പ് ക്രൈസ്തവ പാരമ്പര്യത്തിലേക്കും മൂല്യങ്ങളിലേക്കും മടങ്ങിപോകണമെന്ന ആഹ്വാനവുമായി യൂറോപ്പിലെ യാഥാസ്ഥിതിക തത്വചിന്തകര്‍ പത്രിക പുറത്തിറക്കി. ഒക്ടോബര്‍ 7-നാണ് ‘പാരിസ് സ്റ്റേറ്റ്മെന്റ്’ എന്ന് വിളിക്കപ്പെടുന്ന പ്രകടന പത്രിക പ്രസിദ്ധീകരിച്ചത്. യൂറോപ്പിന്റെ സാംസ്കാരിക ഐക്യം ക്രിസ്തുമതത്തിലൂടെ മാത്രമേ പുനസ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂവെന്നും, തിരുസഭയുടെ സാര്‍വത്രിക ആദ്ധ്യാത്മികത യൂറോപ്പിന്റെ സാംസ്കാരിക ഐക്യം തിരികെ കൊണ്ടുവരുമെന്നും പത്രികയില്‍ പറയുന്നു. ഫ്രാന്‍സ്, ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, ഹംഗറി, ഇംഗ്ലണ്ട്, ജര്‍മ്മനി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള പണ്ഡിതരും യാഥാസ്ഥിതിക തത്വചിന്തകരും പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്.

യൂറോപ്പില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷത, മുസ്ലീം അഭയാര്‍ത്ഥികള്‍, വ്യാജ യൂറോപ്പ് എന്ന ആശയത്തിന്റെ ആവിര്‍ഭാവം തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകളും യൂറോപ്പ്യന്‍ തത്വചിന്തകര്‍ ഈ പത്രികയിലൂടെ പങ്കുവെക്കുന്നു. വ്യാജ യൂറോപ്പിന്റെ വക്താക്കള്‍ അതിന്റെ ദുഷിച്ച വശങ്ങളെക്കുറിച്ച് അറിയുന്നില്ല. മുന്‍വിധികളിലും, അന്ധവിശ്വാസങ്ങളിലും, സ്വയം പുകഴ്ത്തലുകളിലും ഊന്നിയ ഒരു സാങ്കല്‍പ്പിക ഭാവിയാണ് ഇത്. യഥാര്‍ത്ഥ യൂറോപ്പിനെതിരെയുള്ള ഭീഷണികളേയും, അതിനെ ചെറുക്കുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും പാരീസ് സ്റ്റേറ്റ്മെന്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

നമ്മുടെ ഐക്യവും നാടിനോടുള്ള വിശ്വസ്തതയും പരിപാലിക്കപ്പെടണം. എന്നാല്‍ മാത്രമേ നീതി നടപ്പിലാവുകയുള്ളൂ. അടിച്ചേല്‍പ്പിക്കപ്പെടുന്ന ഐക്യത്തെ നമ്മള്‍ പിന്തുണക്കരുത്. സാങ്കേതികവിദ്യയുടെ ദുരുപയോഗവും, അമിത സ്വാതന്ത്ര്യവും യൂറോപ്പിന്റെ അടിസ്ഥാന വേരുകളെ നശിപ്പിച്ചുകൊണ്ട് ഭൂഖണ്ഡത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നു. യുവജനങ്ങള്‍ക്കിടയിലെ ലൈംഗീക സ്വാതന്ത്ര്യത്തേക്കുറിച്ചും പത്രിക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം പ്രവണതകള്‍ യൂറോപ്പിലെ യുവജനങ്ങളെ ലക്ഷ്യമില്ലായ്മയിലേക്ക് നയിക്കും. യൂറോപ്പ്യന്‍ ജനങ്ങളും രാഷ്ട്രീയക്കാരും യാഥാര്‍ത്ഥ്യത്തെ പുണര്‍ന്നുകൊണ്ട് സാങ്കല്‍പ്പിക യൂറോപ്പെന്ന മിഥ്യാധാരണയില്‍ നിന്നും പുറത്തുവരണമെന്നും പത്രിക ആഹ്വാനം ചെയ്യുന്നു. ഒമ്പത് ഭാഷകളിലായാണ് പത്രിക പ്രസിദ്ധീകരിച്ചത്.

More Archives >>

Page 1 of 236