News - 2025
യേശുവിനെ അന്വേഷിക്കുക, കണ്ടെത്തുക, അനുഗമിക്കുക: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 16-01-2018 - Tuesday
വത്തിക്കാന്‍ സിറ്റി: യേശുവുമായുളള കണ്ടുമുട്ടലും തുടര്‍ന്നുള്ള അനുഗമനവുമാണ് നമ്മുടെ ജീവിതത്തെ പൂര്‍ണമാക്കുന്നതെന്നും അതിനാല്‍ അവിടുത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും അനുഗമിക്കുകയും വേണമെന്നു ഫ്രാന്‍സിസ് പാപ്പ. ജനുവരി പതിനാലാം തീയതി, കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും അനുസ്മരിച്ച ആഗോളദിനത്തില്‍ ത്രികാലജപത്തിനു മുന്‍പ് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സ്നാപകയോഹന്നാന്‍ യേശുവിനെ ശിഷ്യര്‍ക്കു പരിചയപ്പെടുത്തുന്ന സുവിശേഷഭാഗം വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.
ആരെയാണോ, ക്രിസ്തുമസ് രഹസ്യത്തില്‍ നാം ധ്യാനിച്ചത്, ആ ക്രിസ്തുവിനെ നമ്മുടെ അനുദിനജീവിതത്തില്‍ അനുഗമിക്കാന്‍ നാം വിളിക്കപ്പെടുകയാണ്. അതുകൊണ്ട്, ആരാധനാക്രമവത്സരത്തിലെ ഈ സാധാരണകാലത്തില്‍, ഈ സുവിശേഷഭാഗം നമ്മുടെ പൊതുവായ ജീവിതത്തില്‍ നമ്മുടെ വിശ്വാസയാത്രയെ സജീവമാക്കാനും, പരിശോധിക്കാനും ഉപകരിക്കുന്നു. വിശ്വാസത്തിനൊരു പദ്ധതിയുണ്ട്, അത് എല്ലാക്കാലത്തെയും വിശ്വാസികള്‍ക്കുള്ള, നമുക്കും കൂടിയുള്ള പദ്ധതിയാണ്. മനുഷ്യവ്യക്തികളെന്ന നിലയില്‍ നാമോരോരുത്തരും, സന്തോഷത്തിനായും സ്നേഹത്തിനായും, നന്മയ്ക്കായും, പൂര്‍ണജീവിതത്തിനായും അന്വേഷിക്കുന്നവരാണ്.
ദൈവപിതാവ്, ഇതെല്ലാം അവിടുത്തെ പുത്രനായ യേശുവില്‍ നമുക്കു നല്‍കിയിട്ടുണ്ട്. നമുക്ക് ധാരാളം അനുഭവങ്ങളുണ്ടാകാം. ഒരുപാടു കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടാകും, അനേകവ്യക്തികളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനുണ്ടാകും. പക്ഷേ, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ മണിക്കൂറിലാണ്, നമ്മുടെ ജീവിതത്തിനു പൂര്‍ണമായ അര്‍ഥം നല്‍കാനും നമ്മുടെ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും ഫലമുളവാക്കുന്നതിനും ദൈവം ഇടയാക്കുന്നത്. ദൈവത്തിന്‍റെ ഒരു രൂപം നിര്‍മിച്ചതുകൊണ്ടുമാത്രമായില്ല.
ദിവ്യഗുരുവിനെ അന്വഷിച്ചുകൊണ്ട് അവിടുന്നു വസിക്കുന്നിടത്തു നാമെത്തണം. യേശുവിനോട് ആ രണ്ടു ശിഷ്യന്മാര്‍ അന്വേഷിച്ചത് ഇതായിരുന്നു: ''അങ്ങ് എവിടെയാണ് വസിക്കുന്നത്''. ഇതിനു ശക്തമായ ഒരു ആധ്യാത്മിക തലമുണ്ട്. എവിടെയാണ് ഗുരു വസിക്കുന്നതെന്ന് അറിയുന്നതിനും, ഗുരുവിനോടൊത്തു വസിക്കുന്നതിനും ഉള്ള ആഗ്രഹത്തെ പ്രകടമാക്കുന്നു. വിശ്വാസജീവിതം കര്‍ത്താവിനോടൊത്തായിരിക്കുന്നതിനുള്ള ജ്വലിക്കുന്ന ആഗ്രഹം ഉള്‍ക്കൊള്ളുന്നുണ്ട്. അതിനാല്‍, അത് കര്‍ത്താവു വസിക്കുന്നിടം കണ്ടെത്താനുള്ള നിരന്തരമായ അന്വേഷണമാണ്.
പ്രാര്‍ത്ഥനയില്‍ യേശുവുമായുള്ള കണ്ടുമുട്ടലിനെ സജീവമാക്കാനും, ദൈവചനത്തിന്മേല്‍ ധ്യാനിച്ചുകൊണ്ടും, കൂദാശകളില്‍ പങ്കുചേര്‍ന്നുകൊണ്ടും, കര്‍ത്താവിനോടു കൂടിയായിരിക്കാനും ഫലം പുറപ്പെടുവിക്കാനും നാം വിളിക്കപ്പെടുന്നു എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അവിടുത്തെ സഹായത്തിനും കൃപയ്ക്കും നമുക്കു കൃതജ്ഞതയര്‍പ്പിക്കാം. യേശുവിനെ അനുഗമിക്കുന്നതിനും, അവിടുത്തോടൊപ്പും നടക്കുന്നതിനും പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
അതേസമയം ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പാപ്പ ഇന്ന് പുലര്‍ച്ചെ ചിലിയില്‍ എത്തി. “എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു” എന്നതാണ് പാപ്പായുടെ ചിലി സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം. 18 വരെ പാപ്പ ചിലിയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. പെറുവും പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. “പ്രത്യാശയാല്‍ ഐക്യപ്പെട്ട്” എന്നാണ് പാപ്പയുടെ പെറു അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആദര്‍ശവാക്യം. ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഇരുപത്തിരണ്ടിന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തിരികെയെത്തും.