News - 2025

ഫുട്ബോള്‍ ലീഗിനുശേഷം വചനപ്രഘോഷണ രംഗത്തേക്ക് കടക്കുമെന്നു അമേരിക്കൻ താരം

സ്വന്തം ലേഖകന്‍ 05-02-2018 - Monday

ന്യൂയോര്‍ക്ക്: നാഷ്ണല്‍ ഫുട്ബോള്‍ ലീഗിന് ശേഷം വചനപ്രഘോഷണ രംഗത്തേക്ക് കടക്കുമെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ താരം. കഴിഞ്ഞ ഞായറാഴ്ച നടന്ന സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫിലാഡെല്‍ഫിയാ ഈഗിള്‍സിനെ വിജയത്തിലേക്ക് നയിച്ച ക്വാര്‍ട്ടര്‍ബാക്ക് താരം നിക്ക് ഫോള്‍സാണ് പത്രപ്രവര്‍ത്തകരോട് സംസാരിക്കവേ വചനപ്രഘോഷണ രംഗത്തേക്ക് കടക്കുകയാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹൈസ്കൂളില്‍ വചനപ്രഘോഷകനാകുവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങികഴിഞ്ഞതായി അദ്ദേഹം പത്രപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതും, വളരുവാന്‍ കാരണമായതും ദൈവത്തിലുള്ള തന്റെ വിശ്വാസം കാരണമാണെന്ന് ഫോള്‍സ് സമ്മതിക്കുന്നു.

ഭൗതീക ലോകത്തിന്റെ ഒരുപാട് പ്രലോഭനങ്ങള്‍ നേരിടേണ്ടി വരുന്ന കാലഘട്ടമാണ് ഹൈസ്കൂള്‍, മിഡില്‍ സ്കൂള്‍ കാലഘട്ടം. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികളെ വിശ്വാസത്തില്‍ മുന്നേറുവാന്‍ പ്രചോദനം നല്‍കുകയെന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരങ്ങളില്ലാത്ത സമയത്ത് തനിക്ക് തന്റെ വിശ്വാസവഴിയില്‍ മുന്നേറുവാന്‍ ഒരുപാട് സമയം ലഭിക്കുമെന്നും, എന്‍‌എഫ്‌എല്‍-ല്‍ നിന്നും വിരമിച്ചതിന് ശേഷം താന്‍ വിശ്വാസജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ഫോള്‍സ് കൂട്ടിച്ചേര്‍ത്തു.

“ഞാന്‍ വിശുദ്ധ ലിഖിതങ്ങള്‍ വായിക്കാറുണ്ട്, ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്, ഞാന്‍ ദൈവത്തോട് അപേക്ഷിക്കാറുണ്ട്. നമ്മളിലെ അനേകം പേര്‍ ദൈവത്തോട് അടയാളങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ അങ്ങനെയല്ല വേണ്ടത്. ദൈവം എപ്പോഴും അടയാളങ്ങള്‍ നല്‍കുകയല്ല, മറിച്ച് അവിടുന്ന് എന്നെ രൂപപ്പെടുത്തുകയാണ്, ഞാന്‍ ഏത് മേഖലയില്‍ പോയാലും ദൈവം എന്നോടൊപ്പമുണ്ടാവും, ഞാന്‍ ഫുട്ബോള്‍ കളിക്കുകയാണെങ്കിലും ആ കളിയിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുംവിധം ദൈവം എന്നോടൊപ്പമുണ്ടായിരിക്കും”. ഫോള്‍സ് പറയുന്നു.

അതേസമയം ഫുട്ബോളിന് ശേഷം താന്‍ ഏറ്റെടുക്കുവാന്‍ പോകുന്ന പുതിയ ദൗത്യം ഒരു വെല്ലുവിളിയാണെന്നും ഫോള്‍സ് സമ്മതിക്കുന്നുണ്ട്. ബൈബിള്‍ ശരിയായി പേപ്പറില്‍ എഴുതുവാന്‍ നമുക്ക് സാധിക്കും, എന്നാല്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സ്വാധീനം ചെലുത്തുകയാണ് വേണ്ടത്. വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്ന തന്നെ എന്‍‌എഫ്‌എല്‍- ല്‍ തുടരുവാന്‍ പ്രേരിപ്പിച്ചത് തന്റെ പ്രാര്‍ത്ഥനയാണെന്നും ഫോള്‍സ് പത്രപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

More Archives >>

Page 1 of 281